വള്ളികുന്നം : തെരുവ് നായ് ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ അഞ്ചുപേർക്ക് ഗുരുതര പരിക്കേൽക്കുകയും നായ്ക്കളും വളർത്തുമൃഗങ്ങളുമുൾപ്പെടെ കടിയേൽക്കുകയും ചെയ്തതോടെ ഭീതിയിലാണ് വള്ളികുന്നം. വള്ളികുന്നം ഗ്രാമപഞ്ചായത്ത് നാലും അഞ്ചും വാർഡുകളിലാണ് തെരുവ് നായ് ശല്യം അതീവ രൂക്ഷം.
കാട്ടുപന്നി ആക്രമണവും കൃഷിനാശവും വ്യാപകമായതിന്റെ നടുക്കത്തിനിടെയാണ് അലഞ്ഞുതിരിയുന്ന നായ്ക്കളും നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. പടയണിവെട്ടം, ഇലവുംമൂട്, പുതുപ്പുരയ്ക്കൽ ഭാഗം, പള്ളിമുക്ക്, പുത്തൻ ചന്ത, കൊല്ലന്റയ്യത്ത് ജംഗ്ഷൻ, വള്ളികുന്നം ചിറ എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായത്.
വന്ധ്യം കരണ പദ്ധതി നടപ്പാക്കാത്തതാണ് വള്ളികുന്നമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ തെരുവ് നായ്ശല്യം വർദ്ധിക്കാൻ ഇടയാക്കിയത്. ജംഗ്ഷനുകളും നിരത്തുവക്കുകളും പൊതുസ്ഥലങ്ങളുമെല്ലാം നായ്ക്കൾ കൈയ്യടക്കിയതോടെ സ്കൂളുകളിൽ പോകുന്ന കുട്ടികളുൾപ്പെടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞദിവസം വീട്ടമ്മയെ തെരുവ് നായ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ വീടുകൾക്ക് പുറത്തിറങ്ങാൻ പോലും ഭയക്കുകയാണ് നാട്ടുകാർ.
ചെറുത്തുനിന്നിട്ടും ഗംഗാധരനെ വിടാതെ നായ
നേരം പുലർന്ന് മണിക്കൂറുകൾക്കകം നായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് മുന്നിലെ റോഡിലേക്കിറങ്ങി നോക്കുമ്പോഴേക്കും ദൂരെ നിന്നും പാഞ്ഞുവന്ന നായ ഗംഗാധരന്റെ കാലിൽ കടിക്കുകയായിരുന്നു. കടിവിടാൻ കൂട്ടാക്കാതിരുന്ന നായയുടെ വായിലേക്ക് കൈയിട്ടാണ് കടി വിടുവിച്ചത്. കാലിലെ കടിവിട്ട നായ വായിൽ കുടുങ്ങിയ കൈയ്യിൽ കടി മുറുക്കിയതാണ് വിരലിന് സാരമായി പരിക്കേൽക്കാൻ ഇടയാക്കിയത്. കൈയ്യിൽ കടിച്ചുതൂങ്ങിയ നായയുമായുള്ള മൽപ്പിടിത്തതിനിടെ ഗംഗാധരൻ പോർച്ചിൽ മറിഞ്ഞുവീണപ്പോഴാണ് മുഖത്തുകടിച്ചത്. പുരികത്തിന് മുകളിലാണ് കടിയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |