ആലപ്പുഴ : തെരുവുനായശല്യം രൂക്ഷമായ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒരുവർഷത്തിനിടെ തെരുവ് നായയുടെ കടിയേറ്റ് പള്ളിപ്പാട്, ആറാട്ടുപുഴ കള്ളിക്കാട് എന്നിവടങ്ങളിലായി പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. കഴിഞ്ഞവർഷം തെരുവുനായകളുടെ കടിയേറ്റ് ചികിത്സ തേടിയത് 1,418 പേരും.
തെരുവ് നായകൾക്കൊപ്പം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുനായ്ക്കളും ജനത്തിന് ഭീഷണിയാണ്. ഉയർന്ന ഇനം ബ്രീഡുകളിൽപ്പെട്ട നായ്ക്കളെ ഉടമസ്ഥർ തെരുവുകളിൽ ഉപേക്ഷിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. 2019ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം ജില്ലയിൽ 65,197 വളർത്തുനായ്ക്കളും 19,220 തെരുവ് നായ്ക്കളും ഉള്ളതായാണ് കണക്ക്. ഇപ്പോൾ വളർത്തുനായ്ക്കൾ 10ശതമാനവും തെരുവ് നായ്ക്കൾ 32ശതമാനവും വർദ്ധിച്ചതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ചട്ടത്തിലുണ്ടെങ്കിലും പലപ്പോഴും തദ്ദേശസ്ഥാപനങ്ങൾ നടപടി എടുക്കാറില്ല. വെറ്ററിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കുത്തിവയ്പ്പ് നടത്തിയെന്നതിനുള്ള രേഖകളും ഉൾപ്പെടെ സമർപ്പിച്ചാലേ നായകളെ വളർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകാറുള്ളൂ. ഒരു വർഷമാണ് ലൈസൻസിന്റെ കാലാവധി. എല്ലാ ഏപ്രിൽ മാസത്തിലും പുതുക്കണം. അപേക്ഷകയിൽ നായയുടെ നിറം, ഇനം എന്നിവ രേഖപ്പെടുത്തണം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം.
ഫലംകാണാതെ പ്രതിരോധം
1. വളർത്തു നായകൾക്ക് ലൈസൻസ്, വാക്‌സിനേഷൻ എന്നിവ നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്
2. മൃഗങ്ങളെ വളർത്തുന്നവർ ആറുമാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് നിയമം
3. എന്നാൽ നായ്ക്കളെ വളർത്തുന്നവരിൽ ഭൂരിഭാഗം പേരും ഇതിന് തയാറാകുന്നില്ല
4. കോടതിവിധി ഉണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് ഏർപ്പെടുത്തുന്നതിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം
5. ലൈസൻസെടുക്കാതെയോ വാക്‌സിനേഷൻ നൽകാതെയോ ആണ് പലരും നായ്ക്കളെ വളർത്തുന്നത്
2019ലെ ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം ജില്ലയിൽ
വളർത്തുനായ്ക്കൾ
65,197
തെരുവ് നായ്ക്കൾ
19,220
വീടുകളിൽ വളർത്തുന്ന നായ്ക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്നതാണ് എല്ലായിടത്തും തെരുവ് നായ്ക്കളുടെ എണ്ണം കൂടാൻ കാരണമാകുന്നത്
- മൃഗസംരക്ഷണ വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |