SignIn
Kerala Kaumudi Online
Thursday, 22 October 2026 6.44 PM IST

കൃഷിയെ നെഞ്ചേറ്റിയ ജോസഫ് കോര ആർ.ഹേലി പുരസ്‌കാരത്തിളക്കത്തിൽ

joseph

ആലപ്പുഴ : 'ഒരു നെല്ലും ഒരു മീനും' എന്ന ആശയം കുട്ടനാട്ടിൽ ആദ്യം അവതരിപ്പിച്ച് വിജയിപ്പിച്ച ജോസഫ് കോരയ്ക്ക് ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആർ.ഹേലി സ്മാരക കർഷകശ്രേഷ്ഠ പുരസ്കാരം. കൃഷിയെ നെഞ്ചോട് ചേർത്ത ജോസഫ് കോരയ്ക്ക് അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

തലമുറ കൈമാറിക്കിട്ടിയ കാർഷിക പാരമ്പര്യത്തെ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടോളമായി ജീവശ്വാസം പോലെ കൊണ്ടുനടക്കുകയാണ് 83കാരനായ മാമ്പുഴക്കരി സ്വദേശി ജോസഫ് കോര. നെൽകർഷകനും പഴയ തിരുവിതാംകൂർ, തിരു-കൊച്ചി മന്ത്രിസഭകളിൽ അംഗവുമായിരുന്ന പിതാവ് കെ.എം.കോരയിൽ നിന്നാണ് ആറു മക്കളിൽ മൂന്നാമനായ ജോസഫ് കൃഷിയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. ബി.കോം ബിരുദം കരസ്ഥമാക്കിയിട്ടും ഇദ്ദേഹം മാത്രമാണ് പിതാവിന്റെ പാരമ്പര്യം ഏറ്റെടുത്ത് കുടുംബത്തിൽ നിന്ന് കാർഷിക മേഖലയിലേക്കെത്തിയത്.

കുട്ടനാട്ടിൽ ആദ്യമായി ജൈവഅരിയും ജൈവ ആറ്റുകൊഞ്ചും വിളയിച്ച് ലോകശ്രദ്ധ നേടിയതുൾപ്പെടെ നിരവധി നേട്ടങ്ങൾ ജോസിന് സ്വന്തം. ജൈവ ആറ്റുകൊഞ്ച് ഉല്പാദിപ്പിച്ചതിനുള്ള കേന്ദ്രസർക്കാർ അവാർഡ് ഡോ.എം.എസ്.സ്വാമിനാഥൻ വീട്ടിൽ നേരിട്ടെത്തിയാണ് സമ്മാനിച്ചത്. സഹോദരങ്ങളുടേതടക്കം 100ഏക്കറോളം ഭൂമിയിൽ പുതുമയും പഴമയും ഒരുപോലെ ഉൾക്കൊണ്ട് ജൈവകാർഷിക വിപ്ലവം തീർത്ത ജോസഫ് കരീലത്തറ വീടിനോട്‌ ചേർന്ന് കിടക്കുന്ന കൃഷിയിടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീൻ, നേന്ത്രവാഴ, പടവലം, പാവൽ, വെണ്ട, വഴുതന, തക്കാളി, പൂവ് എന്നിങ്ങനെ നീളുന്നു ജോസഫിന്റെ കൃഷി

സ്വദേശത്തുനിന്നും വിദേശത്തുനിന്നും നൂറുകണക്കിന് സന്ദർശകർ ജോസഫിന്റെ കൃഷിയിടത്തിൽ എത്താറുണ്ട്. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗവേഷകരുമെല്ലാം ജോസഫ് കോരയുടെ സംയോജിത കൃഷി കാണാൻ പലവട്ടം എത്തിയിട്ടുണ്ട്. കാർഷിക ശാസ്ത്രജ്ഞനായ ആർ.ഹേലിയും കോരയുടെ കൃഷിയിടത്തിലെ നിത്യസന്ദർശകനായിരുന്നു. മുക്കം നോർത്ത് പാടശേഖരത്തെ 11 ഏക്കർവയലാണ് അന്ന് ഒരു നെല്ലും ഒരു മീനും കൃഷിക്കായി ജോസഫ് മാറ്റിവെച്ചത്. കൃഷിക്കാരെ സംഘടിപ്പിച്ച് ജൈവ അരിയും ജൈവ കൊഞ്ചും കൃഷി ചെയ്യാനുള്ള അന്നത്തെ പരിശ്രമം അല്‍പം സാഹസികമായിരുന്നു എന്ന് ജോസഫ് കോര ഓർമ്മിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL