
ആലപ്പുഴ : പകുതിവിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും ലാപ്ടോപ്പും മറ്റും ലഭിക്കുമെന്ന വാഗ്ദാനത്തിൽ ജില്ലയിൽ നിന്ന് തട്ടിയെടുത്തത് 100കോടിയ്ക്ക് മുകളിലെന്ന് ഏകദേശ കണക്ക്. വിവിധസ്റ്റേഷനുകളിലായി ഇന്നലെവരെ 2000ത്തിലധികം പരാതികളാണ് ലഭിച്ചത്. ഓരോസ്റ്റേഷനിലും ലഭിച്ച പരാതിളെല്ലാം കൂടി ഒരു എഫ്.ആർ ആയി രജിസ്റ്റർ ചെയ്തശേഷം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് പൊലീസിന്റെ ആലോചന. ക്രൈംബ്രാഞ്ചാകും തട്ടിപ്പിനിരയായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തുക.
പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിലാണ് ജില്ലയിൽ ഏറ്റവുമധികംപേർക്ക് പണം നഷ്ടമായത്. 750ഓളം പേരിൽനിന്ന് 10 കോടിയിലധികം രൂപയാണ് ഇവിടെ തട്ടിയെടുത്തത്. ചേർത്തല,പട്ടണക്കാട്,അർത്തുങ്കൽ,കുത്തിയതോട്,മണ്ണഞ്ചേരി,ആലപ്പുഴ സൗത്ത്,നോർത്ത്,അമ്പലപ്പുഴ,ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര സ്റ്റേഷനുകളിലും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഹരിപ്പാട് സീഡ് സൊസൈറ്റിയെന്ന ക്ളസ്റ്ററിന് കീഴിൽ ഹരിപ്പാട്, കരീലക്കുളങ്ങര,തൃക്കുന്നപ്പുഴ മേഖലകളിലായി മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. മാവേലിക്കര നഗരസഭ, ചെട്ടികുളങ്ങര, തെക്കേക്കര, തഴക്കര, ചെന്നിത്തല, മാന്നാർ, പഞ്ചായത്തുകളിലായി 273 പേർ സ്‌കൂട്ടർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. കേസിൽ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ (29) കഴിഞ്ഞദിവസം പിടിയിലായിരുന്നു.
തട്ടിപ്പിനായി രൂപീകരിച്ച സീഡ് സൊസൈറ്റികൾക്ക് അനന്തുകൃഷ്ണൻ നൽകിയത് കിടിലൻ പേരുകളാണ്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റൽ സ്റ്റഡീസെന്ന പേരുകേട്ടാൽ കേന്ദ്രസർക്കാർ സ്ഥാപനമാണെന്നു തോന്നും. ഈ പേരു കണ്ടാണ് പലരും പണംകൊടുത്തതും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നാഷണൽ എൻ.ജി.ഒ പ്രോജക്ട് കൺസൾട്ടിംഗ് ഏജൻസി എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ചത്. സീഡ് സൊസൈറ്റി അംഗത്വത്തിന് 400രൂപ, സ്‌കൂട്ടറിന്റെ ഗുണഭോക്തൃ വിഹിതമായി 60,000രൂപ, സ്‌കൂട്ടർ വിൽക്കില്ലെന്ന നോട്ടറി സാക്ഷ്യപ്പെടുത്തലിന് 500രൂപ എന്നിങ്ങനെ ഗഡുക്കളായിട്ടായിരുന്നു പണം തട്ടിയെടുത്തത്.
ആളെ ചേർക്കാൻ പ്രൊമോട്ടർമാർ
ജനപ്രതിനിധികളെയും കുടുംബശ്രീ അംഗങ്ങളെയും മുന്നിൽ നിർത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്
ഇതോടെ കുടുംബശ്രീയുടെ പദ്ധതിയാണെന്ന് പലരും തെറ്റിദ്ധരിച്ചു
കുടുംബശ്രീയിൽ നിന്നു വായ്പയെടുത്താണ് ചിലർ പദ്ധതിയിൽ ചേർന്നത്
സർക്കാർ ഉദ്യോഗസ്ഥരും വിരമിച്ചവരുമൊക്കെ ചതിയിൽപ്പെട്ടവരിലുണ്ട്
പലേടത്തും പദ്ധതിയിൽ ആളെ ചേർക്കാൻ ഫീൽഡ് പ്രൊമോട്ടർമാരെ നിയോഗിച്ചിരുന്നു
കൗൺസിലർക്കെതിരെയും പരാതി
മുതുകുളത്തെ സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കായംകുളത്തെ മുൻസിപ്പൽ കൗൺസിലർക്കെതിരെയും പരാതിയെത്തി. കായംകുളത്ത് സൊസൈറ്റിയുടെ യോഗങ്ങളും മറ്റും നടത്തുന്നതിന് മുഖ്യസംഘാടകയായിരുന്നു കൗൺസിലറെന്ന് പരാതിയിലുണ്ട്. മറ്റൊരു കൗൺസിലർ വാർഡിലെ വാട്‌സാപ് ഗ്രൂപ്പിൽ നൽകിയ ശബ്ദസന്ദേശവും പുറത്തായി. ആനുകൂല്യം ലഭിക്കാൻ 350 രൂപ നൽകി അംഗത്വമെടുക്കണമെന്നായിരുന്നു സന്ദേശം.
ജില്ലയിലെ പരാതികളും തട്ടിയെടുത്ത പണത്തിന്റെ കണക്കും തിട്ടപ്പെടുത്തിവരികയാണ്. ഇതെല്ലാം കൂടി ഉൾപ്പെടുത്തി ഒറ്റക്കേസായി ക്രൈംബ്രാഞ്ചിന് ഉടൻ കൈമാറും
- ജില്ലാ പൊലീസ് മേധാവി, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |