
മുഹമ്മ: കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സയനൈഡ് കഴിച്ച് മുഹമ്മയിലെ ജുവലറി ഉടമ രാധാകൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. രാധാകൃഷ്ണന്റെ മകൻ രതീഷ് മുഹമ്മ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചേർത്തല എ.എസ്.പി ഹരീഷ് ജെയിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സീൽ ചെയ്തിരുന്ന ജുവലറി തുറന്ന് രാധാകൃഷ്ണന്റെ മകന്റെ സാന്നിധ്യത്തിൽ ചേർത്തല പൊലീസ് ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. തുടർന്ന് താക്കോൽ രതീഷിന് കൈമാറുകയും കട തുറന്നു പ്രവർത്തിക്കാനുള്ള അനുവാദവും നൽകുകയും ചെയ്തു. അതേസമയം, രാധാകൃഷ്ണന്റെ മരണത്തോടെ ഡി.ജി.പി യുടെയും ഹൈക്കോടതിയുടെയും നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി ഓൾ കേരളാ ഗോൾഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ ആരോപിച്ചു. രാധാകൃഷ്ണന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കരിനിഴൽ വീണ് കുടുംബം
രാധാകൃഷ്ണൻ ആത്മഹത്യ ചെയ്തതോടെ ഭാര്യ സതിയുടെയും(58) അമ്മ പത്മാവതിയുടെയും (97) ജീവിതത്തിൽ കരിനിഴൽ വീണു. ആറ് വർഷം മുമ്പ് ചേർത്തല മായിത്തറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റതോടെ സതിക്ക് വാക്കറിന്റെ സഹായത്തോടെയേ അല്പമെങ്ങിലും നടക്കാൻ കഴിയൂ. പ്രമേഹം കടുത്തതോടെ ഒരു വർഷം മുമ്പ് കാഴ്ചയും നഷ്ടമായിരുന്നു.രാധാകൃഷ്ണന്റെ അമ്മ വാർദ്ധക്യത്തിന്റെ അവശതയിലുമാണ്. രണ്ടുപേരുടെയും ദൈനംദിന കാര്യങ്ങൾ നോക്കിയിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും രാധാകൃഷ്ണനായിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് കടയിലും പോയിരുന്നത്. രാധാകൃഷ്ണന്റെ മരണവാർത്ത അറിഞ്ഞതോടെ അമ്മ ബോധം കെട്ട് വീഴുകയും ഇപ്പോൾ കിടപ്പിലുമാണ്. ഭാര്യ സതി കൂടുതൽ അവശതയിലുമായി. രാധാകൃഷ്ണനില്ലാതായതോടെ ഇവരുടെയെല്ലാം ജീവിതം ഇരുൾ മൂടിയതായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |