ആലപ്പുഴ: പുഞ്ചകൃഷിക്ക് ഭീഷണിയായി കുട്ടനാട്ടിൽ ഓരുവെള്ളം. പൂകൈതയാറിന്റെ ഇരുകരകളിലുമുള്ള പതിനായിരത്തിലേറെ ഹെക്ടർ സ്ഥലത്തെ നെൽകൃഷി ഓരുവെള്ളം കാരണം കരിഞ്ഞുണങ്ങാൻ തുടങ്ങി. കഞ്ഞിപ്പാടം മുതൽ കുപ്പപ്പുറം വരെയുള്ള പാടശേഖരങ്ങളാണ് ഓരുവെള്ള ഭീഷണി നേരിടുന്നത്. പതിനൊന്ന് പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയുമുൾപ്പെടുന്ന പ്രദേശത്തെ കർഷകർ ഇതോടെ ദുരിതത്തിലായി.
27ഏക്കറോളം പാടത്ത് കൃഷിചെയ്യുന്ന കാർത്തികേയനെന്ന കർഷകൻ കൃഷി നശിച്ചതിന്റെ പ്രയാസത്തിൽ രക്തസമ്മർദ്ദം കൂടി ആശുപത്രിയിലായി. കതിരുവരാറായ പാടത്തേക്ക് വെള്ളം കയറ്റാൻ മാർഗമില്ലാത്തതിനാൽ പാടം വരണ്ടുവീണ്ടുകീറി നെൽച്ചെടികൾ പഴുത്തുണങ്ങിയതാണ് കാർത്തികേയനെ തളർത്തിയത്.
വൃശ്ചികവേലിയേറ്റത്തിൽ ഓരുമുട്ടുകൾവഴി കുട്ടനാട്ടിലെ ജലാശയങ്ങളിലെത്തിയ ഓരുവെള്ളമാണ് ഇപ്പോൾ നെൽകൃഷിക്ക് ഭീഷണിയായിരിക്കുന്നത്. ഈമാസം അവസാനം പുഞ്ചകൊയ്ത്ത് ആരംഭിക്കാനിരിക്കെയാണ് ഓരുവെള്ളം വിനയായത്. വിതകഴിഞ്ഞാൽ എട്ടു മുതൽ നൂറാം ദിവസം വരെ നെൽ ചെടികൾക്ക് വെള്ളം ആവശ്യമാണ്. കൊയ്ത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് പാടങ്ങളിൽ നിന്ന് വെള്ളം ഇറക്കുന്നത്. വേലിയേറ്റത്തിൽ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ഓരുവെള്ളം നിറഞ്ഞതിനാൽ മട തുറന്നാൽ പാടങ്ങളിലേക്ക് ഓരുവെള്ളമാണ് ഒഴുകിയെത്തുന്നത്. വെള്ളത്തിലെ അധികമായ ഉപ്പിന്റെ അംശം നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ ഇടയാക്കും.
വിളവ് കുറഞ്ഞാൽ കനത്ത നഷ്ടം
1.കൂലിവർദ്ധന ഉൾപ്പെടെ നടപ്പാക്കിയ സാഹചര്യത്തിൽ വെളളം കൂടി ലഭിക്കാതിരുന്നാൽ കഴിഞ്ഞ ഉഷ്ണതരംഗത്തിലുണ്ടായതിന്റെ ഇരട്ടിവിളനഷ്ടമാകും ഇത്തവണ ഉണ്ടാവുക.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള കൊടുംചൂടിൽ കതിരുകളിലെ പാൽ തുടക്കത്തിലേ വറ്റി പോകുന്നതാണ് വിള നഷ്ടത്തിന് കാരണം
2.കഴിഞ്ഞവർഷം ഉഷ്ണ തരംഗത്തിൽ കുട്ടനാട് മേഖലയിൽ മാത്രം 1.78 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ ഉൽപ്പാദനമാണ് കുറഞ്ഞത്.നെൽവിലയോ, കൈകാര്യ ചെലവോ കൂട്ടാനോ, സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ വെളളമെങ്കിലും എത്തിക്കണമെന്നതാണ് ആവശ്യം
3.പമ്പയാറിൽ നിന്നുള്ള വെള്ളം പാടങ്ങളിൽ കയറ്റിയിറക്കി ഓരുവെള്ളത്തിലെ ഉപ്പിന്റെ സാന്ദ്രത കുറയ്ക്കുകയാണ് ഏക പോംവഴി. എന്നാൽ, മണിമലയാറിൽനിന്ന് പമ്പയാറിലേക്ക് വരേണ്ട വെള്ളം കല്ലട ഇറിഗേഷന്റെ കനാലുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നതിനാൽ പമ്പയാറുവഴി കുട്ടനാട്ടിലേക്ക് വെള്ളമെത്തുന്നില്ല
4.ഡാമിൽ നിന്ന് പമ്പയാറിലേക്ക് വെളളംതുറന്നുവിടണമെന്നാവശ്യപ്പെട്ട് നെൽകർഷക സംരക്ഷണ സമിതിയുൾപ്പെടെ വിവിധ കർഷക സംഘടനകൾ ജില്ലാ കളക്ടറെയും ഇറിഗേഷൻ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. വെള്ളത്തിനായി മണിമല ഡാമിന് മുന്നിൽ സമരം നടത്താനാണ് കർഷകരുടെ തീരുമാനം
........................................
മൂന്നേക്കർ പാട്ടം ഉൾപ്പെടെ 27 ഏക്കർ കൃഷിചെയ്യുന്നയാളാണ് ഞാൻ. ലക്ഷങ്ങൾ മുതൽ മുടക്കിയ നെല്ല് കതിര് പ്രായമായപ്പോൾ കരിഞ്ഞുണങ്ങുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രി ഉൾപ്പടെയുള്ള ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടണം
- കാർത്തികേയൻ, കർഷകൻ
കുട്ടനാട്ടിൽ കൃഷിയ്ക്കാവശ്യമായ വെള്ളം ലഭ്യമാക്കാത്തതിനെതിരെ മണിമലയിൽ കർഷകരുടെ നേതൃത്വത്തിൽ ഉടൻ സമരംആരംഭിക്കും
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |