
ചേർത്തല: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ന് ആലപ്പുഴ എസ്.ഡി.കോളേജിൽ നടക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽ മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ചേർത്തല ശ്രീനാരായണ കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം നേടി.
ചുട്ടുപൊള്ളുന്ന ജീവിതവഴികളിൽ തളരാതെ മുന്നേറാനുള്ള പുതുതലമുറയുടെ ഇച്ഛാശക്തിയും അതിന് വിദ്യാഭ്യാസവും തൊഴിലും എത്രമാത്രം കൈത്താങ്ങാകുമെന്ന സന്ദേശമാണ് ഒരു മിനിറ്റുള്ള വീഡിയോയിലൂടെ അവർ ആവിഷ്‌കരിച്ചത്. സ്വന്തം മൊബൈൽ ഫോണിൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഒറ്റ ദിവസം കൊണ്ടാണ് വിദ്യാർത്ഥിനികൾ വീഡിയോ നിർമ്മിച്ചത്. എൻ.അൻസിലയാണ് വീഡിയോയുടെ സംവിധാനവും കാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. മണ്ണഞ്ചേരി തെക്കേച്ചിറയിൽ നിസാറിന്റെയും ഹസീനയുടെയും മകളാണ് അൻസില. അദ്ധ്യാപകനായ ഡോ.വി.എസ്.ശ്രീജിത്ത് കുമാറിന്റെ ആശയമാണ് പ്രചോദനമായത്.
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആര്യാബാബു ആലപ്പുഴ നെടുമുടിയിൽ കുഴുവാടിയിൽ ടി. ബാബുവിന്റെയും കലയുടെയും മകളാണ്.ആറാട്ടുവഴി സ്വദേശിനിയും രജനീശന്റെയും കനകമ്മയുടെയും മകളുമായ ഐശ്വര്യ രജനീശനാണ് സുഹൃത്തായി വേഷമിട്ടത്. എസ്.അപർണ,എസ്.തൻസീന,കെസിയ വി. തോമസ്,ആർ.വീണ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സംഭവം റിയലാണ് !
പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥിനിയാണ് റീൽസിലെ കേന്ദ്ര കഥാപാത്രം. വീടുകൾതോറും കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്ന പെൺകുട്ടി നേരിടുന്ന തൊഴിൽ പ്രതിസന്ധികളും അവളുടെ നിരാശകളും സ്വപ്നവും പ്രതീക്ഷയും എല്ലാം ഒരുമിനിറ്റിൽ മനോഹരമായി ആവിഷ്‌കരിക്കാൻ അവർക്ക് സാധിച്ചു. കാരണം, റിയൽ ലൈഫിലും വിദ്യാഭ്യാസത്തോടൊപ്പം ജോലി ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവർ. ആർട്ട് ആൻഡ് ക്രാഫ്റ്റ് വസ്തുക്കൾ ഓൺലൈനായും അല്ലാതെയും വില്പന നടത്തുന്നയാളാണ് സംവിധായിക അൻസില. റീലിൽ ഡോർ ടു ഡോർ ഡെലിവറി ഗേളായി അഭിനയിക്കുന്ന ആര്യാബാബു റിയൽ ലൈഫിൽ രുചികരമായ കേക്കുകൾ നിർമ്മിച്ച് പണം സമ്പാദിക്കുന്നു. 'കുട്ടനാട് ബേക്സ്' എന്നാണ് തന്റെ പേജിന് ആര്യ നല്കിയിരിക്കുന്ന പേര്. പഠനത്തിലും മിടുക്കികളായ ഈ വിദ്യാർത്ഥിനികൾ നൃത്തം,സംഗീതം തുടങ്ങിയവയിലും മുന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |