പൂച്ചാക്കൽ: ദേശീയപാത നവീകരണം കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഇനി അരൂർ നിവാസികൾക്ക് തേവരയിലെത്താം. പാണാവള്ളി ഫെറിയിൽ നിന്ന് തേവരയിലേക്ക് ആരംഭിച്ച പുതിയ ബോട്ട് സർവീസ് അരൂർ നിവാസികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകും. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള യാത്രാദുരിതം കണക്കിലെടുത്ത് എം.എൽ.എ നിയമസഭയിൽ അടിയന്തര സബ്മിഷൻ അവതരിപ്പിച്ചതിനെ തുടർന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് ബോട്ട് സർവീസിന് തുടക്കമായത്.
തൊട്ടടുത്താണെങ്കിലും എറണാകുളം വരെ പോയി വരാൻ മണിക്കൂറുകൾ വേണ്ടിവരുന്ന ദുരവസ്ഥയ്ക്ക് പുതിയ ജലഗതാഗത മാർഗത്തോടെ പരിഹാരമാകും. പാണാവള്ളി ഫെറിയിൽ നിന്ന് തേവര ഫെറിയിലേക്കാണ് സർവീസ്. സർവീസ് ഉടൻതന്നെ എറണാകുളം ജെട്ടിയിലേക്ക് നീട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അരൂർ മേഖലയുടെ ജലഗതാഗത സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും ദലീമാ ജോജോ എം.എൽ.എ പറഞ്ഞു. 33 സീറ്റിന്റെ 2012 മോഡൽ ബോട്ടാണ് അനുവദിച്ചിരിക്കുന്നത്. ലാഭകരമായാൽ കൂടുതൽ സർവീസുകൾ ആരംഭിക്കും.
സമയക്രമം
ദിവസവും രാവിലെ 7.45ന് പാണാവള്ളി ബോട്ട് ജെട്ടിയിൽ നിന്ന് തുടങ്ങി 8.10ന് പെരുമ്പളം മാർക്കറ്റ് ഫെറി, 8.30ന് അരൂക്കുറ്റി, 9.30ന് തേവര ഫെറിയിലെത്തും. വൈകിട്ട് 5.30ന് തേവര ഫെറിയിൽ നിന്ന് പാണാവള്ളിയിലേക്ക് സർവീസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |