ആലപ്പുഴ: അരുകൊലയുടെ വിവരം അറിഞ്ഞതിന്റെ ഞെട്ടലോടെയാണ് വാടക്കൽ ഉണർന്നത്. ഉച്ചയോടെ വൻ പൊലീസ് സംഘവും മാദ്ധ്യമ പ്രവർത്തകരുമെത്തിയപ്പോഴാണ് വാടക്കൽ നിവാസികൾ ദിനേശന്റെ കൊലപാതക വിവരം അറിയുന്നത്. ആളൊഴിഞ്ഞ പുരയിടത്തിൽ ദിനേശൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് നാട്ടുകാർ അറിഞ്ഞിരുന്നില്ല. സ്ഥിരം മദ്യപാനിയായ ദിനേശന് കുടുംബവുമായി അടുപ്പമില്ലാതെ വാടകയ്ക്കാണ് താമസിച്ചിരുന്നത്. എന്നാൽ, നാട്ടുകാർക്ക് ഉപകാരിയായിരുന്നു. കൊലപാതകത്തിന് പിന്നിൽ കിരണാണെന്ന് പൊലീസ് പറയുമ്പോഴും നാട്ടുകാർ വിശ്വസിച്ചിരുന്നില്ല. എന്നാൽ പൊലീസ് വാഹനത്തിൽ കിരണിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ നാട്ടുകാർ ഞെട്ടിപ്പോയി. നാളിതുവരെ ഒരു കുറ്റകൃത്യത്തിലും ഏർപ്പെടാത്ത കിരണാണ് അരുംകൊലചെയ്തതെന്ന് അറിഞ്ഞവർ കൈതവളപ്പിലേക്ക് ഓടിയെത്തി. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരുന്ന കിരൺ, കൊല ചെയ്തതിന്റെ തെളിവുകൾ ഓരോന്നായി പൊലീസിന് കാണിച്ചുകൊടുക്കുമ്പോഴും ദിനേശന്റെ സംസ്ക്കാര ചടങ്ങിൽ സജീവമായിരുന്ന അയാളെയാണ് നാട്ടുകാർ ഓർത്തത്. ദിനേശന്റെ മരണാനന്തര ചടങ്ങുകളിലെല്ലാം ആദ്യാവസാനം പങ്കെടുത്തയാളായിരുന്നു കിരൺ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |