ആലപ്പുഴ : ആലപ്പുഴയിൽ നിന്നുള്ള യാത്രാബോട്ട് സർവീസുകൾ ഇന്നലെ മുതൽ താൽക്കാലിക ജെട്ടിയിൽ (മാതാ ജെട്ടി) നിന്ന് ആരംഭിച്ചു. രാവിലെ 5.30ന് കൈനകരി, വേണാട്ടുകാട് വഴി കായൽപ്പുറത്തേക്കായിരുന്നു ആദ്യ സർവീസ്. ആലപ്പുഴയിൽ നിന്നു തുടങ്ങുന്നതും വന്നുപോകുന്നതുമായ 110 ബോട്ടുകളുടെ സർവീസ് താൽക്കാലിക ജെട്ടിയിൽ നിന്ന് നടത്തി.
റോഡിനും വാടക്കനാലിനും ഇടയിൽ ഒരുമീറ്റർ വീതിയിൽ 15മീറ്റർ നീളത്തിൽ മുകൾഭാഗത്ത് ഷീറ്റിട്ടാണ് താൽക്കാലിക ജെട്ടി നിർമ്മിച്ചത്. ജില്ലാ കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി പഴയ ബോട്ട് ജെട്ടി പൊളിച്ചുമാറ്റുന്നതിനായാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് കിഴക്ക് താൽക്കാലിക ജെട്ടി നിർമ്മിച്ചത്.
യാത്രാബോട്ടുകളുടെ സർവീസിന് തടസം സൃഷ്ടിക്കാതിരിക്കാൻ മാതാ ജെട്ടി മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപംവരെയുള്ള ഭാഗത്ത് ഹൗസ്‌ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ എന്നിവ കെട്ടിയിടുന്നത് ഒഴിവാക്കാൻ ജലഗതാഗത വകുപ്പ് പോർട്ട് ഓഫീസർക്ക് പത്തുദിവസം മുമ്പ് കത്തു നൽകിയെങ്കിലും ഇക്കാര്യത്തിൽ തുറമുഖ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
പഴയ പൊലീസ് കൺട്രോൾ റൂമിന് സമീപം കനാലിന് കുറുകേ ബണ്ട് നിർമ്മാണം നാളെ ആരംഭിക്കുന്നതോടെ സ്വകാര്യ ബോട്ടുകളുടെ പാർക്കിംഗ് പുന്നമട ഭാഗത്തേക്ക് മാറ്റേണ്ടിവരും.
ഇരിപ്പിടമില്ലാതെ യാത്രക്കാർ
താത്കാലിക ജെട്ടിയിൽ എത്തുന്ന യാത്രക്കാർക്ക് ഇരിക്കാൻ പോലും സംവിധാനം ഇല്ല
ചുട്ടുപൊള്ളുന്ന വെയിലത്ത് കുട്ടികളുമായി എത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്
താൽക്കാലിക ജെട്ടിയായതിനാൽ കൂടുതൽ പണം ചെലവഴിക്കേണ്ടെന്ന നിലപാടാണ് തിരിച്ചടിയായത്
ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് താൽക്കാലിക ഷെഡ് നിർമ്മിച്ചാൽ ദുരിതത്തിന് അറുതിയാകും
താത്കാലിക ജെട്ടിയിലിറങ്ങി മുല്ലയ്ക്കൽ ഭാഗത്തേക്ക് പോകണമെങ്കിൽ ഓട്ടോറിക്ഷ പിടിക്കേണ്ടി വരും. ഓട്ടോ കിട്ടണമെങ്കിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പടിഞ്ഞാറുഭാഗത്തുവരെ നടക്കണം
- യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |