ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജി യന്ത്രം അടുത്തമാസത്തോടെ പ്രവർത്തന ക്ഷമമാകും. 6.5കോടി രൂപ ചെലവഴിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുബന്ധ സാധനങ്ങൾ വാങ്ങുന്നതിനുള്ള കരാർ നടപടികൾ അന്തിമഘട്ടത്തിലാണ്.
പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലാത്തതിനാൽ കഴിഞ്ഞ അഞ്ചുവർഷമായി യന്ത്രം പൊടിപിടിച്ച് കിടക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരെ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.
രക്തക്കുഴലുകളിലെ തകരാർ, കാൻസർ, ആന്തരിക രക്തസ്രാവം, തൈറോയ്ഡ് ചികിത്സ തുടങ്ങിയവ ഈ യന്ത്രത്തിന്റെ സഹായത്തോടെ ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ഇത്തരം ചികിത്സകൾ
ആരോഗ്യ ഇൻഷ്വറൻസ്, കാരുണ്യ പദ്ധതികളിലൂടെ സൗജന്യമായി ചെയ്യാനാകുമെന്നത് നിർദ്ധനരായ രോഗികൾക്ക് വലിയ ആശ്വാസമാകും. കാത്ത് ലാബിന് 15കോടി രൂപ കൂടി ഉൾപ്പെടുത്തിയതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും.
രക്തക്കുഴലുകളിൽ ശസ്ത്രക്രിയ വേണ്ട
1.തല മുതൽ പാദം വരെയുള്ള രക്തക്കുഴലുകൾ അടഞ്ഞാൽ പോലും സർജറിയില്ലാതെ അവ തുറക്കാനും ആന്തരിക രക്തസ്രാവം തടയാനും ഇന്റർവെൻഷണൽ റേഡിയോളജി യന്ത്രത്തിലൂടെ സാധിക്കും
2.തലച്ചോറിലെ ദുർബല രക്തക്കുഴലുകൾ വിങ്ങിപ്പൊട്ടി (അന്യൂറിസം) ഉണ്ടാകുന്ന രക്തസ്രാവത്തിന് സർജറി കൂടാതെ നൽകുന്ന കോയിലിംഗ് ചികിത്സയ്ക്ക് യന്ത്രം പ്രയോജനപ്പെടും. തൈറോയ്ഡ് മുഴകൾ കരിച്ചു കളയാൻ കഴിയും
3.സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ആൻജിയോപ്ളാസ്റ്റിക്കും ക്യാൻസർ ചികിത്സയ്‌ക്കൊപ്പം ഗർഭപാത്രത്തിലെ രക്തസ്രാവം ശസ്ത്രക്രിയ കൂടാതെ തടയാനും സ്‌ട്രോക്ക്, അപകടംകാരണമുള്ള രക്തസ്രാവം തടയാനും സാധിക്കും
ഇന്റർവെൻഷണൽ റേഡിയോളജി യന്ത്രം വഴിയുള്ള ചികിത്സ അടുത്തമാസം അവസാനത്തോടെ ആരംഭിക്കും. ഇതിനാവശ്യമായ ജീവനക്കാരനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു കഴിഞ്ഞു
-ഡോ.അബ്ദുൾസലാം, സൂപ്രണ്ട്, ആലപ്പുഴ മെഡി.കോളേജ് ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |