SignIn
Kerala Kaumudi Online
Thursday, 22 October 2026 5.48 PM IST

അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത മകനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ്

photo

ആലപ്പുഴ: അമ്മയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തുറവൂർ ജംഗ്ഷന് സമീപത്തെ പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്ന തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ വീട്ടിൽ മധുവിന്റെ മകൻ മിഥുനെ(29) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡിൽ സനു നിലയത്തിലെ സനുദേവിനെയാണ് (മുത്ത്-37) ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. മിഥുന്റെ അമ്മയ്ക്ക് പിഴത്തുക നൽകാനും വിധിയുണ്ട്.

2023 ജൂൺ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് മുത്ത്. മിഥുന്റെ അമ്മ പ്രസന്നകുമാരിയെ പ്രതി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പച്ചക്കറി കടയിൽ വച്ച് കത്തികൊണ്ട് നെഞ്ചത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

കടയിലെ മറ്റ് ജീവനക്കാരും ഉടമയും കൂറ് മാറിയെങ്കിലും ചുമട്ട് തൊഴിലാളി രതീഷിന്റെയും മീൻ കച്ചവടക്കാരി പ്രസന്നയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും നിർണ്ണായകമായി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി.അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി. കുത്തിയതോട് ഇൻസ്‌പെക്ടർ ഫൈസൽ കുറ്റപത്രം സമർപ്പിച്ച കേസിൽ സബ് ഇൻസ്‌പെക്ടർ രാജേഷ്, സി.പി.ഒ.മാരായ സി.എൽ.മാത്യു, അൻസൺ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL