SignIn
Kerala Kaumudi Online
Thursday, 22 October 2026 5.58 PM IST

പാഴ്കുളം വൃത്തിയാക്കി,​ ചുറ്റിലും ഇനി കനി വിളയും

fdjngfjkm

മുഹമ്മ: സ്രാമ്പിക്കൽ തറവാട്ടിലെ പാഴ്‌ത്തടികളും ഇലച്ചില്ലകളും കരിയിലയും ചേറും നിറഞ്ഞ പുരയിടത്തിൽ മണ്ണുമാന്തി യന്ത്രമെത്തിയപ്പോൾ നാട്ടുകാർക്ക് കൗതുകം. കുളം വൃത്തിയാക്കാനാണെന്ന് കൂടി അറിഞ്ഞപ്പോൾ അത് അത്ഭുതമായി മാറി. നാട്ടിലെ കുളങ്ങളായ കുളങ്ങളെല്ലാം മണ്ണിട്ട് മൂടുന്ന ഇക്കാലത്ത് കാടുമൂടിയ കുളം വൃത്തിയാക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെ ആളുകൾ യന്ത്രത്തിന് ചുറ്രും കൂടി.മുരളീധരന്റെയും ഐഷമ്മയുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ വീടും സ്ഥലവും. കുളം തെളിച്ചെടുക്കുന്നത് മുംബയിൽ താമസമാക്കിയ മകൻ ഉണ്ണിമുരളീധരനാണ്. അദ്ദേഹം നാട്ടിലെത്തിയിട്ടില്ലെങ്കിലും കുളവും പുരയിടവും വൃത്തിയാക്കി കൃഷിയിറക്കാനാണ് പദ്ധതി.

പണ്ട് വീട്ടുവളപ്പിൽ രണ്ട് കുളം വീതം ഉണ്ടായിരുന്നു. ഒന്ന് കുടിവെള്ളത്തിനും മറ്റൊന്ന് നനയ്ക്കാനും കുളിക്കാനും. ഇവ ആണ്ടിലൊരിക്കൽ വൃത്തിയാക്കുകയും ചെയ്തിരുന്നു.

കുളം വൃത്തിയാക്കുകാർക്ക് മീൻകറിയും ഇറച്ചിയും നല്ല നാടൻ കള്ളും അടക്കമുള്ള ഭക്ഷണമായിരുന്നു അന്ന് നൽകിയിരുന്നത്.

ചെളികോരിയും വെള്ളംതേകിയും മണൽ വെട്ടിക്കേറ്റിയും പിടിപ്പതു പണിയുണ്ടാകും അവർക്ക്.വെള്ളം തുടരെ തേകിക്കൊണ്ടിരിക്കണം. ഇതിനൊപ്പം തേക്കുപാട്ടും ഉയരും.

അന്തിക്ക് കുളത്തിന് നടുവിൽ മരോട്ടിവിളക്ക് തെളിക്കും.അത് പുതു ഉറവ വന്ന് മൂടുന്നതോടെ അന്തി ഊണും കഴിഞ്ഞാണ് സംഘം മടങ്ങാറ്.

എന്നാൽ അത് പഴയ കഥ. ഇന്ന് കുളങ്ങൾ തന്നെ അപ്രത്യക്ഷമായി. ഉള്ളത് വൃത്തിയാക്കാമെന്ന് വിചാരിച്ചാൽ തൊഴിലാളികളെ കിട്ടാനില്ല. ഇതോടെയാണ്

ഉണ്ണിമുരളീധരൻ യന്ത്രത്തിന്റെ സഹായം തേടിയത്.

ജാർഖണ്ഡ് സ്വദേശി സന്ദീപ് സിംഗ് ഹിറ്റാച്ചിയിൽ വന്ന് ആദ്യം കുളക്കരയിലെ കുറ്റിക്കാടുകൾ കുത്തിപ്പറിച്ച് വൃത്തിയാക്കി. തുടർന്ന് മുറുക്കിത്തുപ്പി മുണ്ടുമുറുക്കിയുടുത്ത തൊഴിലാളിയെപ്പോലെ മുളിപ്പാട്ടോടെ ഹിറ്റാച്ചി കുളത്തിലിറങ്ങി. പിന്നെയെല്ലാം പെട്ടെന്ന് ആയിരുന്നു. ചെളികോരിയും മണൽ വാരിയും മാടി തേച്ചു പിടിപ്പിച്ചും ചെറുകുളത്തെ വീണ്ടെടുത്തു. അഞ്ച് മണിക്കൂർകൊണ്ട് കുളം തെളിനീര് നിറഞ്ഞ് മനോഹരമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL