
ആലപ്പുഴ : പഴയകാല സിനിമകളിലടക്കം നിറഞ്ഞു നിന്നിരുന്ന മുപ്പാലം പൊളിച്ച് നിർമ്മിച്ച നാൽപ്പാലം ഉദ്ഘാടനത്തിന് സജ്ജമാകുമ്പോഴും പാലത്തിലെ വൈദ്യുതീകരണം പൂർത്തിയാക്കാൻ ആര് കനിയുമെന്നത് ചോദ്യചിഹ്നമാകുന്നു. പാലം നവീകരണ പദ്ധതിയിൽ വൈദ്യുതീകരണത്തിന് ഫണ്ട് വകയിരുത്താതെ പോയതാണ് അന്തിമയങ്ങിയാൽ പാലത്തിന്റെ ശോഭയെ ഇരുളിലൊളിപ്പിക്കുന്നത്.
നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കിയും കാണികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയും ഉപ്പൂറ്റി കനാലിന് കുറുകെ നിർമ്മിച്ച നാൽപ്പാലം ഈമാസം 31ന് മുമ്പ് പൂർത്തീകരിക്കാനിരിക്കെയാണ് വഴിവിളക്കുകളുടെ അഭാവം പ്രശ്നമായത്. പാലത്തിന് വെളിച്ചം പകരാൻ
വൈദ്യുതീകരണത്തിന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം 50ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യറാക്കി സർക്കാരിൽ സമർപ്പിച്ചിട്ട് ആറുമാസം കഴിഞ്ഞെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ഫണ്ട് അനുവദിച്ചിട്ടില്ല.
ഫണ്ട് ലഭിക്കാൻ കാലതാമസം ഉണ്ടായാൽ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലങ്ങളുടെ അതിരടയാളമായ നാൽപ്പാലത്തിൽ ഹൈ മാസ്റ്റ് ലൈറ്റിന് എം.എൽ.എമാരായ പി.പി.ചിത്തരഞ്ജന്റെയോ എച്ച്.സലാമിന്റെയോ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നഗരത്തിന് വിഷുക്കൈനീട്ടമായി ഏപ്രിലിൽ പാലം നാടിന് സമർപ്പിക്കാനാണ് ആലോചന.
കനാലിന്റെ ഇരുകരകളിലും മുഖാമുഖമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസും എഫ്.സി.ഐയുടെ ഗോഡൗണും . എ.ആർ.ക്യാമ്പ്, ബീച്ച്, ലൈറ്റ് ഹൗസ്, കടൽപ്പാലം, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങളിലേക്ക് അതിവേഗമെത്താവുന്ന പാത കൂടിയാണിത്. പ്രതിദിനം നൂറ്കണക്കിന് ചരക്ക്‌ലോറികൾ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാൻ മുമ്പ് എഫ്.സി.ഐ ഗോഡൗണിലെത്തിയിരുന്നത് ഇടുങ്ങിയ പാലത്തിലൂടെയായിരുന്നു. രണ്ട് വാഹനങ്ങൾ നേർക്കുനേർ വന്നാലുണ്ടായ ഗതാഗതകുരുക്കും പുതിയ പാലത്തിന്റെ നിർമ്മാണത്തോടെ പഴങ്കഥയായി.
വൈദ്യുതികരണത്തിന് ഫണ്ടില്ല
1. വഴിവിളക്കിന് പുറമേ പാലത്തിൽ റോഡ് സുരക്ഷാ സംവിധാനങ്ങൾ, റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ, ഇരുവശത്തുമുള്ള നടപ്പാതയിൽ ഇന്റർ ലോക്കിംഗ് ജോലികൾ എന്നിവയും പൂർത്തികരിക്കാനുണ്ട്.
2. ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ വാടക്കനാൽ, കോമേഴ്സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പൂറ്റിക്കനാലിലെ മുപ്പാലമാണ് നാൽപ്പാലമായത്
3. മദ്ധ്യഭാഗത്ത് റൗണ്ടോടെയാണ് നടപ്പാത സഹിതമുള്ള പാലം. മുൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ മുൻകൈയെടുത്താണ് പദ്ധതി തയ്യാറാക്കിയത്
4. നിർമ്മാണം പൂർത്തിയാകുന്നതോടെ കനാലിന്റെ നാലുഭാഗത്തേക്ക് വാഹന ഗതാഗതം സുഗമമാക്കാനും കഴിയും. ഒരുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നിർമ്മാണം പലവിധ കാരണങ്ങളാൽ അഞ്ചു വർഷത്തിലേറെ വൈകി
ആകെ ചെലവ് :
₹17.44 കോടി
നിർമ്മാണം മാർച്ച് 31ന് മുമ്പ് പൂർത്തീകരിച്ച് വൈകാതെ നാടിന് സമർപ്പിക്കും. മന്ത്രിമാരുടെ സൗകര്യത്തിനനുസരിച്ച് ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാർ ഉദ്ഘാടന തീയതി തീരുമാനിക്കും
- ശ്രീജിത്ത്, അസി.എൻജിനിയർ, പൊതുമരാമത്ത് പാലം വിഭാഗം, ആലപ്പുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |