ആലപ്പുഴ : ബൈപാസിൽ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെ 4 ഗർഡറുകൾ നിലംപതിക്കാൻ കാരണമായത് ഇവ സ്ഥാപിച്ചതിലെ പിഴവെന്ന് പ്രാഥമികനിഗമനം. ദേശീയപാത അതോറിട്ടിയുടെ എൻജിനീയർമാർക്ക് പുറമേ ഇന്നലെ സ്ഥലം സന്ദർശിച്ച റെയിൽവേയുടെ സങ്കേതിക വിഭാഗം കൺസൾട്ടന്റും ഇക്കാര്യം ശരിവച്ചു. റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക ചുമതലകൾ നിർവഹിക്കുന്ന കൊച്ചിയിൽ നിന്നുള്ള കൺസൾട്ടന്റ് പത്മജന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘത്തിന്റെ പരിശോധനാ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ദേശീയപാത അതോറിട്ടിയ്ക്ക് കൈമാറും.
ദേശീയപാത അതോറിട്ടിയുടെ നിർദേശാനുസരണമാണ് സംഘം സ്ഥലം പരിശോധിച്ചത്. ദേശീയപാത ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും അപകടസ്ഥലത്തെത്തി വിവരങ്ങൾ കൈമാറി. സംഭവത്തിന് ദൃക്സാക്ഷികളായവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സമീപത്തെ വീട്ടിൽ നിന്ന് ലഭിച്ച സി.സി ടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.
പില്ലറിനും ഗർഡറിനും ഇടയിൽ ബയറിംഗുകൾ സ്ഥാപിക്കുന്നതിലെയും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലെയും വീഴ്ചയാണ് ഇവ നിലംപതിക്കാൻ ഇടയാക്കിയത്. കരാർ കമ്പനിയുടെയും ജോലിക്ക് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാരുടെയും പിഴവാണ് ഇതിന് കാരണം. ഇന്നോ നാളെയോ കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നുള്ള വിദഗ്ദ്ധർ കൂടി സ്ഥലപരിശോധന നടത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക.
സ്ഥാപിച്ചതിലെ പിഴവ് ശരിവച്ച് സാങ്കേതിക വിദഗ്ദ്ധർ
ഗർഡറുകൾ പില്ലറിൽ ഉറപ്പിക്കുന്നതിലുണ്ടായ ജാഗ്രതക്കുറവാണ് ഇവ കൂപ്പുകുത്താൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ
മതിയായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഗർഡറുകൾ പില്ലറുകൾക്ക് മീതെ സ്ഥാപിച്ചത്
പ്രഷർ പരിശോധന ഉൾപ്പെടെ അത്യാധുനിക ബലപരിശോധനകൾ പൂർത്തിയാക്കി മൂന്നാഴ്ചക്ക് ശേഷമാണ് ഗർഡറുകൾ നിലംപൊത്തിയത്
തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് വിജയ് പാർക്കിന് സമീപത്തെ 17,18 പില്ലറുകളെ ബന്ധിപ്പിക്കുന്ന നാല് ഗർഡറുകൾ നിലംപതിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |