
ആലപ്പുഴ: ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ കെട്ടിയിടുന്നതും ഒഴിവാക്കണം.
കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴയത്ത് പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ.
മറ്റു നിർദ്ദേശങ്ങൾ
#വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടിവെള്ളവും ക്ലാസ്മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം
# കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ, സമയം ക്രമീകരിക്കുകയോ ചെയ്യണം
#അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാതെ ജീവനക്കാരും അതത് പഞ്ചായത്ത് അധികൃതരും പ്രത്യേകം ശ്രദ്ധിക്കണം
#പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവയിൽ കുടിവെള്ളം, തണൽ എന്നിവ സംഘാടകർ ഉറപ്പുവരുത്തണം
#നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കണം
#അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുക, വൈദ്യസഹായം തേടുക
#കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിട്ടിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |