SignIn
Kerala Kaumudi Online
Thursday, 22 October 2026 7.19 PM IST

നെല്ല് സംഭരണം നീളുന്നു, ഭീഷണിയായി വേനൽമഴ

ആലപ്പുഴ : കിഴിവിന്റെ പേരിലുള്ള മില്ലുകാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധം കടുക്കുകയും കൊയ്തെടുത്ത നെല്ല് ടാർപോളിനുകൾക്കടിയിൽ സൂക്ഷിക്കുകയും ചെയ്യുന്നതിനിടെ ഇന്നലെ പെയ്ത മഴ കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ സ്ഥിതി വഷളാകും. കൂലിവർദ്ധനയുൾപ്പെടെ ഉത്പാദന ചിലവുകളിൽ പിടിച്ചുനിൽക്കാനാകാതെ കർഷകർ നട്ടംതിരിയുന്നതിനിടെയാണ് സംഭരണത്തിൽ ക്വിന്റലിന് രണ്ട് കിലോയിലേറെ കിഴിവ് ആവശ്യപ്പെട്ട് മില്ലുകാർ രംഗത്തെത്തിയത്. തർക്കമുടലെടുത്തതോടെ , കൊയ്തെടുത്ത നെല്ല് പാടങ്ങളിൽ കൂട്ടിയിട്ട് ടാർപോളിൻ ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ് കർഷകർ. പ്രശ്നത്തിൽ ജനപ്രതിനിധികൾ വേണ്ട ഇടപെടൽ നടത്തുന്നില്ലെന്നും കർഷകർ ആരോപിച്ചു.

മഴ പെയ്ത് ഈർപ്പനടിക്കുന്നതോടെ കിഴിവിന്റെ പേരിൽ കർഷകർ വീണ്ടും ചൂഷണത്തിനിരയാകും. തണ്ണീർമുക്കത്തെയും തോട്ടപ്പള്ളിയിലെയും ഷട്ടറുകൾ യഥാസമയം അടയ്ക്കാൻ കൂട്ടാക്കാതെ ഓരുവെള്ളം കയറിയും വൃശ്ചിക വേലിയേറ്റത്തിലും കുട്ടനാട്ടിലെ ചില പാടങ്ങളിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങിയിരുന്നു . ഗുണനിലവാരമില്ലാത്ത കൊയ്ത്ത് യന്ത്രങ്ങളിൽ പതിര് വേർതിരിക്കുന്നതിലെ തകരാറും കുട്ടനാട്ടിൽ നെല്ലിന്റെ ഗുണനിലവാരം കുറയ്ക്കാൻ ഇടയാക്കി. ഇത് മുതലെടുത്ത് മില്ലുകാർ നടത്തുന്ന കിഴിവ് കൊള്ളയാണ് കർഷകരുടെ പ്രതിഷേധത്തിനും നെല്ല് സംഭരണത്തിൽ പ്രതിസന്ധിയ്ക്കും കാരണമായത്.

കായൽനിലങ്ങളുൾപ്പെടെ കുട്ടനാട്ടിൽ 30 ശതമാനം മാത്രം കൊയ്ത്ത് പൂർത്തീകരിച്ചതിന് പിന്നാലെയാണ് നാലും അഞ്ചും കിലോ വീതം കിഴിവ് വേണമെന്ന് മില്ലുകാർ ആവശ്യം ഉയർത്തിയത്. സപ്ളൈകോയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മില്ലുടമകളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെ, കൊയ്ത്ത് പുരോഗമിക്കുന്ന കായൽ നിലങ്ങളായ മാർത്താണ്ഡം, സി ബ്ളോക്ക് ഭാഗങ്ങളിൽ നെല്ല് സംഭരണം വെല്ലുവിളിയായി തുടരുകയാണ്. ആറ് മില്ലുകളാണ് ഈ മേഖലകളിലെ നെല്ല് സംഭരണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

തർക്കം ഇന്നും തുടർന്നാൽ

ഗുണനിലവാര പരിശോധന

1. അപ്പർ കുട്ടനാട് മേഖലയിലെ പല പാടശേഖരങ്ങളിലും കൊയ്തെടുത്ത നെല്ല് കൂനകൂട്ടിയിട്ടിരിക്കുകയാണ്

2. മില്ലുകാരും കർഷകരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നെല്ലിന്റെ ഗുണനിലവാര പരിശോധനയ്ക്ക് തയ്യാറെടുക്കുകയാണ് സപ്ളൈകോ

3. ഇന്നും തർക്കം തുടർന്നാൽ ഗുണനിലവാര പരിശോധന നടത്തി തീരുമാനിക്കുന്ന വിലയ്ക്ക് മില്ലുകാരെ കൊണ്ട് നെല്ല് ഏറ്റെടുപ്പിക്കും

4. പതിരിന്റെ കൂട്ടത്തിൽ ഈർപ്പത്തിന് കൂടി കിഴിവ് നൽകേണ്ടിവന്നാൽ വൻ നഷ്ടമാകും കർഷകർക്ക് സംഭവിക്കുക

മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ്

4-5 കി.ഗ്രാം

സഭയിൽ ഉന്നയിക്കും : ചെന്നിത്തല

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എല്ലാ വർഷവും കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർ അനുഭവിക്കുന്ന ഈ പ്രയാസം പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. കൊയ്ത് കഴിഞ്ഞാൽ നെല്ലെടുക്കില്ല. അനാവശ്യ കിഴിവ് ചോദിച്ച് കർഷകരെ ബുദ്ധിമുട്ടിക്കും. ഇങ്ങനെ വലിയ തോതിലുള്ള പ്രതിസന്ധി കുട്ടനാട്ടിൽ കർഷകർ നേരിടുന്നുണ്ട്. നിയമസഭയിൽ ഇന്ന് ഈ പ്രശ്നം ഉന്നയിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

നെല്ല് സംഭരണത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകുന്നില്ല. മില്ലുകാരുടെ തീരുമാനത്തിന് വിധേയമായി തങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായ നെല്ല് സംഭരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. എം.പിയോ , എം.എൽ.എമാരോ കർഷകരുടെ ദുരിതം നേരിൽ കാണാനോ തങ്ങൾക്കുവേണ്ടി ശബ്ദമുയർ‌ത്താനോ കൂട്ടാക്കുന്നില്ല

- നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL