SignIn
Kerala Kaumudi Online
Thursday, 22 October 2026 5.13 PM IST

ആലപ്പുഴയിൽ അവശേഷിക്കുന്ന അതിദരിദ്രകുടുംബങ്ങൾ 154

ആലപ്പുഴ: ജില്ലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയിരുന്ന 3,613 കുടുംബങ്ങളിൽ 3459 കുടുംബങ്ങളും പട്ടിയകയിൽ നിന്ന് മുക്തമായി. ഇതോടെ 95.73 ശതമാനം കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായതായാണ് ഔദ്യോഗിക കണക്ക്.

ശേഷിക്കുന്ന 154 കുടുംബങ്ങൾക്ക് വാസസ്ഥലവും ഒരു കുടുംബത്തിന് വരുമാനമാർഗവും ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഭക്ഷണം,ആരോഗ്യം, വാസസ്ഥലം,വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലായിലെ മാർഗരേഖപ്രകാരം അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്.

അടിസ്ഥാന രേഖകളില്ലാത്തവർക്ക് 'അവകാശം അതിവേഗം' യഞ്ജത്തിന്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷ്വറൻസ്, സാമൂഹ്യ സുരക്ഷ പെൻഷൻ എന്നിവ ലഭ്യമാക്കി. ഇത്തരത്തിൽ 1423 അടിയന്തര രേഖകളാണ് വിതരണം ചെയ്തത്. ഭക്ഷണം, ആരോഗ്യസേവനങ്ങൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, അതിദരിദ്ര പട്ടികയിൽ വീട് ആവശ്യമുള്ളവർക്ക് ലൈഫ് മിഷനിൽ വീട് തുടങ്ങിയവയും സജ്ജമാക്കുന്നുണ്ട്. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകൾ വഴിയും 211 കുടുംബങ്ങൾക്ക് ഉപജീവന മാർഗം നൽകി. പത്താം ക്ലാസ് വിജയിച്ച ഒരു കുട്ടിക്ക് വീടിനടുത്ത് തുടർപഠനത്തിന് അവസരം നൽകി. 39 കുട്ടികളുടെ പഠനാവശ്യ യാത്രകൾക്ക് കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസ്സുകളിലും സൗജന്യ യാത്രാപാസുകൾ നൽകി.

വെല്ലുവിളി വസ്തു കണ്ടെത്തൽ

 പാർപ്പിടമില്ലാത്ത അതിദരിദ്രർക്ക് വീട് വയ്ക്കാൻ വസ്തു കണ്ടെത്തുന്നതിനാണ് നിലവിൽ വെല്ലുവിളി നേരിടുന്നത്

 പട്ടികയിൽ വീട് നിർമ്മാണത്തിന് കരാർ ഒപ്പുവയ്ക്കാനുള്ള 16 പേർക്കും ഭൂമി കണ്ടെത്തേണ്ടതുണ്ട്

 അനുവദിക്കപ്പെടുന്ന രണ്ട് ലക്ഷം രൂപയ്ക്ക് സ്ഥലം കിട്ടാനിലെന്നതാണ് പ്രതിസന്ധിക്ക് കാരണം

 താൽക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഈ കുടുബങ്ങളെ വാടക വീടുകളിൽ പാർപ്പിച്ചിരിക്കുകയാണ്

 പഞ്ചായത്തിൽ അയ്യായിരവും നഗരത്തിൽ ഏഴായിരവും രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾ വാടകയായി അനുവദിക്കുന്നുണ്ട്

വസ്തുവും വീടും ആവശ്യമുള്ള കുടുംബങ്ങൾ -225

വീട് മാത്രം അവശ്യമുള്ളവർ - 285

വീടുകൾ പൂർത്തീകരിച്ചത് - 163

വീട് നിർമ്മാണത്തിന് കരാർ ഒപ്പുവയ്ക്കാനുള്ളവർ - 16

വീട് അറ്റകുറ്റപ്പണി ആവശ്യമുള്ളവർ - 408

അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചത് - 368

ശേഷിക്കുന്ന കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തിയും, വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയും കാലതാമസമില്ലാതെ ആലപ്പുഴയ്ക്ക് അതിദാരിദ്ര്യ മുക്ത ജില്ലയെന്ന പദവിയിലെത്താൻ സാധിക്കും

- ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL