ആലപ്പുഴ : കിഴിവ് തർക്കത്തിന്റെ പേരിൽ കുട്ടനാട്ടിൽ പ്രതിസന്ധിയിലായ നെല്ല് സംഭരണം പുനരാരംഭിച്ചു. ഇന്നലെ പെയ്ത ശക്തമായ വേനൽമഴയിൽ ഈർപ്പത്തോതുയർന്നതോടെ കിഴിവിന്റെ കാര്യത്തിൽ കർഷകരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായപ്പോഴാണ് സി ബ്ളോക്കിലെയും മാർത്താണ്‌ഡം കായലിലെയും 2,400 ടൺ നെല്ല് സംഭരിക്കാൻ ധാരണയായത്.
ക്വിന്റലിന് നാല് കിലോ ഗ്രാം നെല്ല് വീതം കിഴിവ് നൽകാൻ കർഷകർ തയ്യാറായി. മില്ലുകാർ ഏറ്റെടുത്ത നെല്ല് ഇന്നും നാളെയുമായി പാടത്തുനിന്ന് മില്ലുകളിലേക്ക് മാറ്റും. നൂറ് ലോഡിലേറെ നെല്ലാണ് ഇവിടെയുള്ളത്. കടുത്ത ചൂടിന് പുറമേ വേനൽമഴ കൂടി കനത്ത സാഹചര്യത്തിൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഏറ്റവുമൊടുവിൽ കൃഷിയിറക്കിയ പാടങ്ങളിൽ നെല്ലിന് കതിര് വരാറായിരിക്കെ ഉഷ്ണതരംഗവും കടുത്തചൂടും ഇവിടങ്ങളിൽ നെല്ലിന്റെ പാൽ വറ്റാനും തൂക്കം കുറയാനും ഇടയാക്കും. ഏപ്രിൽ , മേയ് മാസത്തിൽ കൊയ്ത്ത് നടക്കുന്ന പാടങ്ങൾക്കാണ് ഉഷ്ണ തരംഗം വെല്ലുവിളിയാകുക.
പതിര് പ്രശ്നത്തിന്റെ പേരിൽ നീലമ്പേരൂരിലും എടത്വയിലെ ചില പാടശേഖരങ്ങളിലുമാണ് നിലവിൽ സംഭരണം തടസപ്പെട്ടിരിക്കുന്നത്. പതിരിന്റെ പേരിൽ മില്ലുകാർ ആവശ്യപ്പെടുന്നത്ര കിഴിവ് നൽകാൻ കർഷകർ തയ്യാറല്ല. ഇവിടങ്ങളിൽ വൻകിട മില്ലുകാർക്ക് പകരം ചെറിയ മില്ലുകളെ നിയോഗിച്ച് നെല്ല് ഏറ്റെടുപ്പിക്കാനുളള ശ്രമത്തിലാണ് സപ്ളൈകോ.
ഇന്നലെ വരെ സംഭരിച്ച നെല്ല്
47,645 ടൺ
പുഞ്ചക്കൊയ്ത്ത് പൂർത്തിയായത്
32%
മഴ ഭീഷണിയായി, കർഷകർക്ക് നഷ്ടം
1. രണ്ട് ദിവസമായി വേനൽമഴ കടുത്തപ്പോൾ ഈർപ്പത്തോതുയർന്നതോടെ കൂടുതൽ കിഴിവ് നൽകാൻ കർഷകർ തയ്യാറാകേണ്ടി വന്നു
2. പാടത്തു കിടന്ന് നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് മില്ലുകാരുടെ ആവശ്യത്തിന് കർഷകർക്ക് വഴങ്ങേണ്ടി വന്നത്
3. നെല്ലിന്റെ ഗുണനിലവാര പരിശോധന മാനദണ്ഡമാക്കുമെന്ന് സപ്ളൈകോ മാനദണ്ഡം കടുപ്പിച്ചതോടെയാണ് മില്ലുകാരും വഴങ്ങി
4. തർക്കത്തിന് പരിഹാരമായതോടെ അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിൽ നിന്ന് 6,108 ടൺ നെല്ലാണ് ഇന്നലെ സംഭരിച്ചത്
ഏതാനും ദിവസങ്ങളായി പ്രതിസന്ധിയിലായിരുന്ന നെല്ല് സംഭരണം കഴിഞ്ഞദിവസം പുനരാരംഭിച്ചിട്ടുണ്ട്. കിഴിവിന്റെ കാര്യത്തിൽ മില്ലുകാരും കർഷകരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിനാലാണ് പ്രശ്നം പരിഹരിച്ചത്. പതിർകോളുള്ള സ്ഥലങ്ങളിലും സംഭരണം തടസമില്ലാതെ നടത്താ്നടപടികൾ സ്വീകരിച്ചിട്ടുണ്ട്
- പാഡി മാർക്കറ്റിംഗ് ഓഫീസ്, കുട്ടനാട്
വേനൽ മഴ കൂടി എത്തിയതോടെ മില്ലുകാർ ചോദിക്കുന്ന കിഴിവ് നൽകാൻ നിർബന്ധിതരാകേണ്ട സാഹചര്യമാണുള്ളത്. സംഭരണം നടക്കാതെ നെല്ല് പാടത്തുകിടന്ന് കിളിർത്താൽ നഷ്ടം ഇരട്ടിയാകുമെന്നിരിക്കെ കർഷകന് വേറെ വഴിയില്ല
- ലാലപ്പൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |