SignIn
Kerala Kaumudi Online
Thursday, 22 October 2026 10.10 PM IST

ഒരുകോടി വന്നു, നെഹ്റുട്രോഫി ബോണസ് വിതരണം ഇന്ന് മുതൽ

ആലപ്പുഴ: നെഹ്റുട്രോഫി ജലമേളയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ ലഭിച്ചതോടെ വള്ളങ്ങൾക്കുള്ള ബോണസ് തുക വിതരണം ഇന്നാരംഭിക്കും. ജലമേള നടന്ന് ആറ് മാസം പിന്നിടുമ്പോഴും ക്ലബ്ബുകൾ ബോണസ് തുകയ്ക്ക് വേണ്ടി കാത്തിരിപ്പ് തുടരുകയായിരുന്നു. ഇന്ന് രാവിലെ മുതലാണ് ബോണസ് വിതരണം.

ബോണസും മെയിന്റനൻസ് ഗ്രാന്റും വിതരണം ചെയ്യുന്നതിന് ഒരു കോടി എൺപത് ലക്ഷം രൂപ എൻ.ടി.ബി.ആർ സൊസൈറ്റി സർക്കാരിനോട് ചോദിച്ചിരുന്നുവെങ്കിലും മന്ത്രി പ്രഖ്യാപിച്ച ഒരു കോടി രൂപ മാത്രമാണ് ലഭിച്ചത്. എല്ലാ വള്ളങ്ങൾക്കുമായി ബോണസ് വിതരണം പൂർത്തിയാക്കാൻ ഒരു ലക്ഷത്തിനാൽപ്പതിനായിരം രൂപയാണ് ആവശ്യം. അഡ്വാൻസ് ഇനത്തിൽ മുപ്പത് ലക്ഷം രൂപ ഇതിനകം നൽകിരുന്നു. ബാക്കി തുക സർക്കാർ അനുവദിച്ച ഗ്രാന്റ് കൊണ്ട് നൽകി തീർക്കാനാകും. പക്ഷേ മെയിന്റനൻസ് ഗ്രാന്റ് വിതരണത്തിന് കാലതാമസം നേരിടും. കഴിഞ്ഞ മൂന്ന് സീസണുകളിലും ആദ്യം ഒമ്പത് സ്ഥാനത്തെത്തുന്ന ചുണ്ടൻ വള്ളങ്ങൾക്ക് സി.ബി.എല്ലിൽ നിന്ന് സമ്മാനത്തുക വിതരണം ചെയ്യുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ നെഹ്റുട്രോഫിയെ സി.ബി.എല്ലിൽ നിന്നൊഴിവാക്കിയതാണ് സാമ്പത്തിക ഞെരുക്കത്തിന് വഴിയൊരുക്കിയത്. ബോണസും, മെയിന്റനൻസ് ഗ്രാന്റും പത്ത് ശതമാനം വർദ്ധിപ്പിച്ചതും ബാദ്ധ്യതയായി. കഴിഞ്ഞ വർഷം ഒരു കോടി രൂപയുടെ ടിക്കറ്റ് വിൽപ്പന ലക്ഷ്യം വച്ചെങ്കിലും, ആകെ വിറ്റുപോയത് 73 ലക്ഷം രൂപയുടെ ടിക്കറ്റുകളാണ്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ ജലോത്സവം തീയതി മാറ്റിയതോടെ 40 ലക്ഷത്തോളം രൂപയുടെ സ്പോൺസർമാരെയും നഷ്ടപ്പെട്ടിരുന്നു.

ആലോചനായോഗം ഇന്ന്

ഈ വർഷത്തെ നെഹ്റുട്രോഫി ജലമേളയ്ക്ക് ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ ലഭ്യമാക്കുന്നതിനും, വിദേശ സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് വൈകിട്ട് 5ന് ജില്ലാ കളക്ടറു‌ടെ ചേമ്പറിൽ ആലോചനാ യോഗം ചേരും.

ബോണസ് ചാർട്ട് (രൂപയിൽ)

 വിജയിച്ച ചുണ്ടൻ - 6,60,000

 ഫസ്റ്റ് റണ്ണർ അപ്പ് - 5,30,000

 സെക്കൻഡ് റണ്ണർ അപ്പ് - 4,00,000

 തേഡ് റണ്ണർ അപ്പ് - 2,65,000

 ഫോർത്ത് റണ്ണർ അപ്പ് - 2,30,000

 പ്രദർശന വള്ളം - 1,45,000

 വെപ്പ് എ ഗ്രേഡ് - 1,45,000

 വെപ്പ് ബി ഗ്രേഡ് - 1,10,000

 ഇരുട്ടുകുത്തി എ - 1,45,000

 ഇരുട്ടുകുത്തി ബി - 1,10,000

 ഇരുട്ടുകുത്തി സി - 80,000

 ചുരുളൻ - 1,00,000

 തെക്കനോടി വനിത - 1,00,000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL