
തുറവൂർ: അപ്രത്യക്ഷമായതായി കരുതിയിരുന്ന മൂങ്ങ വിഭാഗത്തിൽപ്പെട്ട വലിയ പക്ഷിയായ മീൻകൂമനെ (ബ്രൗൺ ഫിഷ് ഔൾ ) ഒരിടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും കണ്ടെത്തി. ചേർത്തല താലൂക്കിലെ തൈക്കാട്ടുശേരിയിൽ നിന്നാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പൊലീസ് ഉദ്യോഗസ്ഥനുമായ രതീഷ് രാജൻ, പി.സി.വിപിൻ ,അൻവിൻ എന്നിവർ അടങ്ങിയ സംഘം മീൻകൂമന്റെ ചിത്രങ്ങൾ പകർത്തിയത്.
ജില്ലയിലെ പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ 'ബേർഡേഴ്സ് എഴുപുന്ന'യുടെ സജീവ പ്രവർത്തകനായ രതീഷ് രണ്ടുവർഷം മുമ്പ് ഈ പ്രദേശത്ത് പക്ഷിയെ കണ്ടിരുന്നെങ്കിലും അന്ന് ചിത്രം പകർത്താൻ കഴിഞ്ഞിരുന്നില്ല. ഒരുകാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന മീൻകൂമൻ പിന്നീട് അത്യപൂർവമാവുകയായിരുന്നു.
പരുന്തിനോളം വലിപ്പമുള്ള മീൻ പിടിക്കുന്ന മൂങ്ങകളെ പഴമക്കാർക്ക് പലർക്കും പരിചിതമാണെങ്കിലും പുത്തൻ തലമുറയിലുള്ള ആരും ഇവയെ കണ്ടുകാണാനുള്ള സാദ്ധ്യത ഇല്ല. പൊതുവേ വനങ്ങളോടു ചേർന്നിട്ടുള്ള ജലാശയങ്ങളുടെ സമീപത്താണ് ഇവയെ കൂടുതലായി കാണാറുള്ളത്. പാതിരാമണൽ ദ്വീപിലും മാവേലിക്കര ഭാഗത്തുമാണ് ഇവയെ അവസാനമായി കണ്ടിരുന്നത്. എന്നാൽ വ്യക്തമായ ചിത്രങ്ങൾ കിട്ടിയിരുന്നില്ല. നിലവിൽ ജില്ലയിൽ കാണപ്പെടുന്ന ഏറ്റവും വലിയ മൂങ്ങ ആയ 'കാലൻ കോഴി' യേക്കാൾ വലിപ്പമുള്ള ഇവയ്ക്ക് പൂച്ചയുടേതുപോലെ തോന്നുന്ന മുഖമാണ്. തലയിൽ ചെവികൾപോലെയുള്ള തൂവൽക്കൂട്ടങ്ങളുമുണ്ട്. കണ്ണുകൾക്ക് നല്ല മഞ്ഞനിറമാണ്. പുറം തവിട്ടു നിറമാണെങ്കിലും അനവധി വീതിയുള്ള കറുപ്പുവരകൾ ഉള്ളതിനാൽ നിറം തവിട്ടും,കറുപ്പും കലർന്നതുപോലെ തോന്നും. ഊമൻ എന്ന പേരിലാണ് കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇവ അറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |