SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

ഓൺലൈൻ റിസർവേഷൻ കൗണ്ടർ പൂട്ടാനൊരുങ്ങി കെ.എസ്.ആർ.ടി.സി

ആലപ്പുഴ: ജില്ലയിലെ കെ.എസ്.ആർ‌.ടി.സിയുടെ ഏക ഓൺലൈൻ റിസർവേഷൻ കൗണ്ടറായ ആലപ്പുഴ ബസ് സ്റ്റേഷനിലെ കൗണ്ടർ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു.പ്രതിമാസം അഞ്ഞൂറിൽ താഴെ ബുക്കിംഗുള്ള റിസർവേഷൻ കൗണ്ടറുകൾ പൂട്ടാനുള്ള കോർപ്പറേഷൻ ഐ.ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ എസ്.നിശാന്തിന്റെ നിർദേശപ്രകാരമാണിത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവുണ്ടായത്. ഇതോടെ ഡിപ്പോയിൽ നേരിട്ടെത്തി മുൻ കൂട്ടി ടിക്കറ്റും സീറ്റുകളും ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇല്ലാതാകുന്നത്.

ഇക്കഴിഞ്ഞ മാസമുൾപ്പെടെ റിസർവേഷൻ ബുക്കിംഗുകളുടെ എണ്ണം അഞ്ഞൂറിൽ താഴെയായി കുറഞ്ഞ സാഹചര്യത്തിലാണ് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഞായറാഴ്ച ഒഴികെ പ്രവർത്തിച്ചിരുന്ന കൗണ്ടർ പൂട്ടാൻ ഉത്തരവിട്ടിരിക്കുന്നത്. മൊബൈൽ ഫോണുൾപ്പെടെ യാത്രക്കാർക്ക് വിവിധ ആപ്പുകൾ മുഖേന ടിക്കറ്റും സീറ്റും ബുക്ക് ചെയ്യാൻ കഴിയുമെന്നതിനാലാണ് റിസർവേഷൻ കൗണ്ടർ വഴിയുള്ള ബുക്കിംഗ് കുറഞ്ഞതെന്നാണ് അധികൃതരുടെ വിശദീകരണം.

ഒളിച്ചിരിക്കുന്ന കൗണ്ടർ!

ബസുകൾ പാർക്ക് ചെയ്യുന്നതിന് അഭിമുഖമായോ,​ യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയുന്ന സ്ഥലത്തോ കൗണ്ടർ പ്രവർ‌ത്തിക്കാത്തതാണ് ഓൺലൈൻ ബുക്കിംഗിൽ കുറവ് വരാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഡിപ്പോയിലെ ടു വീലർ പാർക്കിംഗ് മേഖലയിൽ ടിക്കറ്റ്, ക്യാഷ് കൗണ്ടറിന്റെ ഭാഗത്ത് യാത്രക്കാർക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത സ്ഥലത്താണ് കൗണ്ടറെന്നും അവർ ആരോപിക്കുന്നു. കാരണമെന്തായാലും ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ആലപ്പുഴയിലെ കൗണ്ടർ അടച്ചുപൂട്ടുന്നതിലൂടെ ബുക്കിംഗും വരുമാനവും കുറയുമെന്നതിൽ സംശയമില്ല. ആലപ്പുഴയ്ക്ക് പുറമേ മറ്റ് 24 കേന്ദ്രങ്ങൾ കൂടി നിർത്തലാക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെല്ലാം ജില്ലാടിസ്ഥാനത്തിൽ ഒന്നിലധികം ബുക്കിംഗ് കേന്ദ്രങ്ങളുണ്ട്.

മൊബൈൽ ഫോണുൾപ്പെടെ ഓൺലൈൻ ബുക്കിംഗ് സംവിധാനങ്ങൾ ഉണ്ടായിരിക്കെ ഡിപ്പോയിലെ കൗണ്ടറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രതിമാസം അഞ്ഞൂറിൽ താഴെ ബുക്കിംഗുള്ള കൗണ്ടറുകളാണ് പൂട്ടാനാണ് നിർദ്ദേശം

- കെ.എസ്.ആർ.ടി.സി, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL