ആലപ്പുഴ : ഈർപ്പം, കറവൽ എന്നിവയിലെ കിഴിവിന്റെ പേരിൽ പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിൽ മില്ലുകാർ കർഷകരെ പിഴിയുന്നു. നൂറുകിലോ നെല്ല് സംഭരിക്കുമ്പോൾ എട്ടു മുതൽ 12കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്‌ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം. 5 കി.ഗ്രാം വരെ കിഴിവ് നൽകാമെന്ന് കർഷകർ സമ്മതിക്കുന്നുണ്ടെങ്കിലും മില്ലുകാർ ഗൗനിക്കുന്നില്ല. നെല്ല് സംഭരണത്തിനിടെ എത്തിയ വേനൽമഴയുടെ പേരിലാണ് മില്ലുകാരുടെ കൊടുംചൂഷണം.
നെല്ല് സംഭരണം ഇനിയും പൂർത്തിയാകാത്തതിനാൽ പാടശേഖരങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. കുട്ടനാട്, അപ്പർ കുട്ടനാട് പ്രദേശത്ത് വിളവെടുപ്പ് പ്രായമായ നെൽകൃഷി നിലംപൊത്താനുള്ള സാദ്ധ്യതയും കർഷകരെ ആശങ്കയിലാക്കുന്നു. വേനൽമഴയ്ക്കിടെയും വിളവെടുപ്പ് പുരോഗമിക്കുകയാണ്.
തർക്കം രൂക്ഷമാകുന്നതിനാൽ വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം വൈകുന്നു. വിളവെടുപ്പ് ആരംഭിച്ച സമയത്തെ തീപാറുന്ന വെയിലിൽ 5 കിലോ വരെ കിഴിവിലായിരുന്നു സംഭരണം. പുഞ്ചകൃഷി ഇറക്കിയതിൽ 50ശതമാനം പാടശേഖരങ്ങളിൽ വിളവെടുപ്പ് പൂർത്തീകരിച്ചു. വിളവെടുത്തതിന്റെ മൂന്നിൽ ഒന്ന് നെല്ല് മാത്രമേ സംഭരിച്ചിട്ടുള്ളൂ. വരുന്ന ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും കർഷകരെ ഭീതിയിലാക്കുന്നു.
ആവശ്യപ്പെടുന്നത് 12കി.ഗ്രാം വരെ
ഈർപ്പത്തിന്റെ പേരിൽ സംഭരണം വൈകിപ്പിക്കരുതെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും മില്ലുകാർ ഇത് പാലിക്കുന്നില്ല
മഴ ശക്തമായതിനാൽ കിട്ടുന്ന വിലയ്ക്ക് വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ
മില്ലുടമകളുടെ കടുത്ത നിലപാടിനോട് ശക്തമായ എതിർപ്പിലാണ് കർഷകർ
വിഷയത്തിൽ മുഖ്യമന്ത്രിയോ, ഭക്ഷ്യ-കൃഷി മന്ത്രിമാരോ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
പാലക്കാട് നിന്നുള്ള മില്ലുകാരാണ് സംഭരണത്തിൽ നിന്ന് പൊതുവെ വിട്ടുനിൽക്കുന്നത്.
വിളവെടുപ്പ് പൂർത്തികരിച്ചത്: 13324.21ഹെക്ടർ
കൊയ്തെടുത്ത നെല്ല് : 75,967 ടൺ
സംഭരിച്ച നെല്ല് : 28,984 ടൺ
മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ്: 8 -12കി.ഗ്രാം
നെല്ല് സംഭരണത്തിൽ മില്ലുകാരെ നിലക്ക് നിർത്താൻ അധികാരികൾ തയ്യാറാകണം. മില്ലുകാർ - ഇടനിലക്കാർ - ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ് പ്രതിസന്ധിക്ക് പിന്നിലുള്ളത്.
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |