SignIn
Kerala Kaumudi Online
Thursday, 22 October 2026 5.05 PM IST

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : കൂടുതൽ പേർ കുടുങ്ങും

haneef

മാന്നാർ: വിദേശ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നിരവധിപേരിൽ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പിടിയിലായ പ്രധാന പ്രതി മാന്നാർ സ്വദേശി ഇരമത്തൂർ ഐക്കര ജംഗ്ഷന് സമീപം വാടകക്ക് താമസിച്ച് വന്നിരുന്ന ഹനീഫ് (42)ന്റെ സഹായികളായിട്ടുള്ള ചിലരെ കൂടി പൊലീസ് നിരീക്ഷിക്കുന്നു. തട്ടിപ്പിൽ അവരുടെ പങ്കാളിത്തംഅന്വേഷിച്ച് വരികയാണ്. റിമാൻഡിൽ കഴിയുന്ന ഹനീഫിനെ വിശദമായി ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. അതിനായി അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഖത്തറിലെ എ.എച്ച്.റ്റി എന്ന കമ്പനിയിലേക്കും, ഷാർജയിലെ അൽ സജ്ജയിൽ സ്വന്തമായി തുടങ്ങുന്ന മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും വിവിധ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേർ തട്ടിപ്പിനിരയായതായിട്ടാണ് അറിയുന്നത്. ജോലിയുടെ തസ്തിക അനുസരിച് 65000 മുതൽ 2 ലക്ഷം രൂപ വരെയാണ് ഓരോരുത്തരിൽ നിന്നും വിസയ്ക്കായി കൈപ്പറ്റിയത്.

ഇരുപതിലധികം കേസുകൾ

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഹനീഫിനെതിരെ ഇരുപതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി അറിയുന്നു. ഹനീഫ് പിടിയിലായതായി അറിഞ്ഞ് രണ്ട് പേർ കൂടി ഇന്നലെ പരാതി നൽകിയതോടെ മൂന്ന് കേസുകളാണ് നിലവിൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാന്നാർ സ്വദേശികളായ അജിത്ത്, രജിത എന്നിവരാണ് ഇന്നലെ പരാതി നൽകിയത്. ഇതിന് പുറമേ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, മണ്ണഞ്ചേരി, പട്ടണക്കാട്, മുഹമ്മ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബസുമതി അരി ഇടപാടിലും തട്ടിപ്പ്

ബസുമതി അരി ലോഡുകൾ എത്തിച്ച് നൽകാമെന്ന് പറഞ്ഞും ഹനീഫ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. കായംകുളം സ്വദേശികളായ വ്യാപാരികൾക്ക് ബസുമതി അരി കുറഞ്ഞ വിലക്ക് എത്തിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന് ഹനീഫിനെതിരെ കേസ് നിലവിലുണ്ട്. ആന്ധ്രപ്രദേശിൽ നിന്നും ലോഡ് കണക്കിന് അരി എടുത്ത ഇടപാടിൽ പണം നൽകാത്ത കേസിൽ ആന്ധ്രപ്രദേശ് കോടതി ഹനീഫിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഹനീഫിനെത്തേടിയെത്തിയ ആന്ധ്ര പൊലിസ് മാന്നാർ പൊലീസിന്റെ സഹായത്തോടെ ഹനീഫിനെ മുൻപ് പിടികൂടിയെങ്കിലും കുറച്ച് പണം നൽകി കേസിൽനിന്ന് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ത്യയിൽ നിന്നും ബസുമതി അരി കയറ്റി അയച്ച് വിദേശ രാജ്യങ്ങളിൽ മൊത്ത വ്യാപാരം നടത്തുന്നതായി തെറ്റിദ്ധരിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL