SignIn
Kerala Kaumudi Online
Thursday, 22 October 2026 5.47 PM IST

അടുക്കളയിൽ ആശ്വാസം ഇനി 'ഹാപ്പി കുക്കിംഗ് '

ആലപ്പുഴ: സാമ്പാറും അവിയലും കൂട്ടി ഊണുകഴിക്കണമെന്നുണ്ട്. എന്നാൽ,​ പച്ചക്കറി അരിഞ്ഞുണ്ടാക്കുന്ന കാര്യം ഓർക്കുമ്പോൾ ചിലർ അത് വേണ്ടെന്ന് വയ്ക്കും. ജോലിയുള്ള സ്ത്രീകൾക്ക് അടുക്കളജോലികൂടി കഴിയുമ്പോൾ അവരുടേതായ കാര്യങ്ങൾക്ക് ഒട്ടുംതന്നെ സമയം കിട്ടില്ല. ഇതിനൊരു പരിഹാരമാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാംവാർഡിലെ ഒമ്പത് വനിതകൾ ചേർന്നാരംഭിച്ച 'ഹാപ്പി കുക്കിംഗ്'.

വീട്ടിലെ അടുക്കളയ്ക്ക് ആവശ്യമായ പച്ചക്കറികൾ കഴുകി അരിഞ്ഞ് കറി വയ്ക്കാൻ പാകത്തിൽ എത്തിച്ചു നൽകുന്നു. ഒപ്പം വറുത്തു തയ്യാറാക്കിയ തേങ്ങ പൊടി,​ ബീൻസ്, പയർ തോരൻ, ഉള്ളി പൊളിച്ചു തയ്യാറാക്കിയത്, ഇഞ്ചി ഒരുക്കിയത്, തേങ്ങ ചിരണ്ടിയത്, അങ്ങനെ പാചകം ചെയ്യാൻ ആവശ്യമായത് എല്ലാം പാകത്തിലാക്കി 'ഹാപ്പി കുക്കിംഗ് ' എത്തിച്ചുനൽകും.

മാറുന്ന കാലത്തിന് അനുസൃതമായ പുതിയ തൊഴിൽ എന്ന സ്‌നേഹജാലകം ഹാപ്പി വില്ലേജിന്റെ പുതിയ ആശയമാണിത്. പാതിരപ്പള്ളി ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തു പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണ് ഇത്. ഇതു കൂടാതെ,​ പ്രതിഭാതീരം, ഹാപ്പി ക്ളീനിംഗ്, ഹാപ്പി ഫിഷ്മാർക്കറ്റ്, സ്നേഹജാലകം,​ ബുക്ക് ഷെൽഫ് തുടങ്ങി വൈവിദ്ധ്യമാർന്ന പദ്ധതികളും സ്‌നേഹജാലകത്തിന്റെ ലക്ഷ്യത്തിലുണ്ട്. ഇതിനായി മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് വാർഡുകളിൽ കുടുംബ സർവേ അടുത്തമാസം ആരംഭിക്കും. ഓരോപദ്ധതിക്കും പ്രത്യേകം ഓൺലൈൻ പ്ളറ്റ്ഫോം തയ്യാറാക്കിയാണ് പ്രവർത്തനം. ഇതിലൂടെ ഒരു ഹാപ്പി വില്ലേജാണ് ലക്ഷ്യമിടുന്നത്.

 കളർകോട് മുതൽ കണിച്ചുകുളങ്ങര വരെയാണ് ഡെലിവറി ഏരിയ.

 പച്ചക്കറികളും മീനും ഇറച്ചിയുമെല്ലാം വൃത്തിയാക്കി അരിഞ്ഞ് പാക്കറ്റിലാക്കി എത്തിക്കും

 ജൈവ പച്ചക്കറികൾ ഉൾപ്പെടുത്തിയാണ് ഇവ നൽകുന്നതെന്നതാണ് മറ്റൊരു പ്രത്യേകത

 തികച്ചും ന്യായവിലയ്ക്ക് സാധനങ്ങൾ നൽകുമെന്ന് കൂട്ടായ്മ ഉറപ്പ് നൽകുന്നു

കുടുബങ്ങളുടെ ജീവിതം ആനന്ദകരമാക്കുകയാണ് ഹാപ്പി വില്ലേജ്കൊണ്ട് ലക്ഷ്യമിടുന്നത്.

-ജയൻ തോമസ്, വൈസ് പ്രസിഡന്റ്, സ്നേഹജാലകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL