SignIn
Kerala Kaumudi Online
Thursday, 22 October 2026 5.07 PM IST

ഫയലിലൊതുങ്ങി ചാരുംമൂട്, പളളിപ്പുറം, മങ്കൊമ്പ് ഫയർ സ്റ്രേഷനുകൾ

ആലപ്പുഴ : ജില്ലയിൽ മൂന്ന് ഫയർ സ്റ്റേഷനുകൾക്കും ഒരു വാട്ടർ റസ്ക്യു സ്റ്റേഷനുമുളള ശുപാർശ ഇപ്പോഴും ഫയലിൽ. ദുരന്തനിവാരണത്തിന്റെ ഭാഗമായി മാവേലിക്കരയിലെ ചാരുംമൂട്, ചേർത്തലയിലെ പള്ളിപ്പുറം ,കുട്ടനാട്ടിലെ മങ്കൊമ്പ് എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾക്കും ഉല്ലാസ നൗകകളുടെ നഗരമായ ആലപ്പുഴ പുന്നമടയിൽ വാട്ടർ റെസ്ക്യൂ സ്റ്റേഷനുമുളള ശുപാർശകളാണ് അവഗണിക്കപ്പെട്ടത്.

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 33 ഫയർ സ്റ്റേഷനുകളുടെ പട്ടികയിൽ ഇത്തവണയും ഇവ ഇടംപിടിച്ചില്ല. മങ്കൊമ്പിൽ അപകടങ്ങളുണ്ടായാൽ 20 കി.മീറ്ററിലധികം ദൂരമുള്ള ആലപ്പുഴയിൽ നിന്നോ ജില്ലയ്ക്ക് പുറത്തെ തിരുവല്ല, ചങ്ങനാശേരി സ്റ്റേഷനുകളിൽ നിന്നോ വേണം അഗ്നിരക്ഷാ സേനയെത്താൻ. പുളിങ്കുന്ന്, ചമ്പക്കുളം, രാമങ്കരി, കൈനകരി, നെടുമുടി പഞ്ചായത്ത് പ്രദേശങ്ങളുൾപ്പെട്ട ഇവിടെ എൻജിനീയറിംഗ് കോളേജുൾപ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മങ്കൊമ്പ് ശ്രീഭഗവതി ക്ഷേത്രം, സെന്റ് മേരിസ് ഫെറോന ചർച്ച് ഉൾപ്പെടെ ആരാധനാലയങ്ങളും നെല്ല് ഗവേഷണ കേന്ദ്രമടക്കമുള്ള സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

ജില്ലയുടെ തെക്ക് കിഴക്കേ അതിർത്തിയായ ചാരുംമൂട്ടിലും സ്ഥിതി വ്യത്യസ്തമല്ല. കായംകുളം -പുനലൂർ , കൊല്ലം- തേനി സംസ്ഥാനപാതകൾ കടന്നുപോകുന്ന ഇവിടെ അപകടങ്ങളുണ്ടായാൽ കായംകുളം, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നോ ജില്ലയ്ക്ക് പുറത്തുള്ള അടൂരിൽ നിന്നോവേണം ഫയർഫോഴ്സെത്താൻ. വ്യവസായ വകുപ്പിന് കീഴിലുള്ള നിരവധി വ്യവസായ സ്ഥാപങ്ങൾ പ്രവർത്തിക്കുന്ന പള്ളിപ്പുറത്ത് എന്തെങ്കിലും തരത്തിലുള്ള തീപിടിത്തമോ അപകടമോ ഉണ്ടായാൽ 13 കി.മീറ്ററോളം അകലെയുളള ചേർത്തല ഫയർസ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.

പുന്നമടയ്ക്ക് വേണം രക്ഷ

അഗ്നിരക്ഷാസംവിധാനങ്ങളും ജീവൻരക്ഷാഉപാധികളുമടങ്ങുന്ന ബോട്ട് ഉൾപ്പെടെയുള്ള റസ്ക്യു സ്റ്റേഷനാണ് പുന്നമടയിൽ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചത്. നെഹ്രുട്രോഫി ജലോത്സവം നടക്കുന്ന കായൽനെട്ടായമെന്നതിലുപരി വിനോദസഞ്ചാരത്തിന് ലക്ഷകണക്കിന് ടൂറിസ്റ്റുകളെത്തുന്ന ഇവിടെ ഹൗസ് ബോട്ടുകളുടെ തീപിടിത്തവും വെള്ളത്തിൽ വീണുള്ള അപകടങ്ങളും പതിവാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നിരവധി അപകടങ്ങളുണ്ടായ ഇവിടെ ദുരന്തമുഖത്തെത്താൻ ഫയർഫോഴ്സിന് ആധുനിക സൗകര്യങ്ങളോടുള്ള ബോട്ട് ആവശ്യമാണ്. നിലവിൽ സ്പീഡ് ബോട്ടും റബർഡിങ്കികളും മാത്രമാണ് ആശ്രയം. പുന്നമടയിൽ ടൂറിസം വകുപ്പിന്റെ കെട്ടിട സൗകര്യമുണ്ടെങ്കിലും ബോട്ടും ആവശ്യമായ ജീവനക്കാരെയും കൂടി ലഭിച്ചാലേ അടിയന്തര രക്ഷാ ദൗത്യം സാദ്ധ്യമാകൂ.

....................

ജില്ലയിലുള്ളത് 8 ഫയർ സ്റ്റേഷനുകൾ

അരൂർ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തകഴി

ചാരുംമൂട് ഫയർ സ്റ്റേഷനുവേണ്ടിയുള്ള ശുപാർശ അംഗീകരിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തും

- എം.എസ്. അരുൺകുമാർ എം.എൽ.എ.

ജില്ലയിലെ ഫയർ സ്റ്റേഷനുകൾക്കും വാട്ടർ റസ്ക്യു സ്റ്റേഷനുമായി വീണ്ടും സർക്കാരിലേക്ക് ശുപാർശ നൽകും

-ദുരന്തനിവാരണ അതോറിട്ടി, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL