ആലപ്പുഴ : വി.എസിന് പിറന്നാൾ സമ്മാനമായി ആരാധകരും മുൻ പഴ്സണൽ സ്റ്റാഫംഗവും ചേർന്നൊരുക്കിയ ജനകീയ ലാബിന്റെ ഉദ്ഘാടനം 13ന് നടക്കും. വി.എസിന്റെ മുൻ പഴ്സണൽ സ്റ്റാഫംഗവും മുഹമ്മ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പറുമായ ലതീഷ് ബി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് അതിദരിദ്രർക്ക് സൗജന്യ പരിശോധനയ്ക്ക് അവസരമാരുക്കുന്ന ലാബ് സജ്ജമാക്കിയത്.
കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് ലാബിന്റെ നിർമ്മാണം ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വയോജനങ്ങൾ, എന്നിവർക്ക് പകുതി നിരക്കിലും കിടപ്പ് രോഗികൾക്ക് സൗജന്യമായും സേവനം നൽകുന്ന ലാബിൽ അത്യാധുനിക പരിശോധനാസംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലെത്തി സാമ്പിൾ ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്. ലാബിൽ വി.എസിന്റെ പിറന്നാൾ ദിനത്തിൽ പ്രത്യേക പാക്കേജും ഏർപ്പെടുത്തിയിട്ടുണ്ട്. പഴ്സണൽ സ്റ്റാഫംഗമായി പ്രവർത്തിച്ചതിന് ലഭിച്ച പെൻഷൻ തുക കൊണ്ടാണ് ലതീഷ് ജനകീയ ലാബിന് തുടക്കമിട്ടത്. ശ്രീജിത്ത് സുകുമാരൻ രക്ഷാധികാരിയും പി.എസ്.സുരേഷ് പുല്ലമ്പാറ സെക്രട്ടറിയുമായ ജനകീയ കമ്മിറ്റിയ്ക്കായിരുന്നു നിർമ്മാണച്ചുമതല. വി.എസിനോടുള്ള സ്നേഹാദരവാണ് ജനങ്ങൾക്കായി ഇത്തരമൊരു സംരംഭം ആരംഭിക്കാൻ പ്രേരണയായതെന്ന് ലതീഷ് പറഞ്ഞു. 13ന് രാവിലെ 10ന് ശ്രീജിത്ത് സുകുമാരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ.സി .വേണുഗോപാൽ എം.പി ലാബ് റൂമിന്റെ ഉദ്ഘാടനവും വെള്ളിയാംകുളം പരമേശ്വരൻ ഇ.സി.ജി മെഷീന്റെ ഉദ്ഘാടനവും നിർവഹിക്കും. ചലച്ചിത്ര , ടി.വി താരങ്ങളായ എഴുപുന്ന ബൈജു, ഉല്ലാസ് പന്തളം എന്നിവർ മുഖ്യാതിഥികളാകും. എസ്.ടി റജി, കെ.ബി ബിമൽറോയ്, ഡോ.ജയന്തി ചെല്ലൻ, സി.ബി ഷാജി, അഡ്വ. പി.എസ് ജ്യോതിസ്, അജിത് പുല്ലമ്പാറ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |