SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

അവധിക്കാലത്ത് 'ജ്യൂസ് ഹബ് ' തുറന്ന് ഏഴാംക്ളാസുകാരൻ

ffdtf

മുഹമ്മ : പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ചതോടെ കുട്ടികളെല്ലാം കളികളിൽ മുഴുകുമ്പോൾ കച്ചവടത്തിന്റെ തിരക്കിലാണ് ഏഴാംക്ളാസുകാരൻ സൂര്യദേവ്. സർവ്വോദയപുരത്ത് വീടിനു മുന്നിലെ റോഡരികിലാണ് സൂര്യദേവിന്റെ കട. പടുതകെട്ടി സാരി കൊണ്ട് മറച്ചതാണെങ്കിലും കടയുടെ പേര് കിടുക്കാച്ചി യാണ്.'സൂര്യൻ ജ്യൂസ് ഹബ് '. രാവിലെ 8.30 മുതൽ വൈകിട്ട് 8 വരെയാണ് പ്രവർത്തനം.

അയൽവീട്ടിലെ കൂട്ടുകാരനായ ദേവനുമായി ചേർന്ന് 200 രൂപ വീതം ഷെയറിട്ട് കുറച്ചു നാരങ്ങയും ഉപ്പും പഞ്ചസാരയും തണ്ണിമത്തനും വാങ്ങി തട്ടുകെട്ടിയാണ് കടതുടങ്ങിയത്. സ്കൂൾ അടച്ചതിന്റെ പിറ്റേദിവസം ഉച്ചയ്ക്ക് 12.45നായിരുന്നു കടയുടെ ഉദ്ഘാടനം .

സൂര്യന്റെ ചിറ്റപ്പനായ ദേവസ്വം ബോർഡ് ജീവനക്കാരൻ രമീഷ് അന്നു രാത്രി തന്നെ 3000 രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകിയതോടെ കട വിപുലീകരിച്ചു, ഉദ്ഘാടന ദിവസം 800 രൂപയുടെ കച്ചവടം നടന്നു,. ഇപ്പോൾ 350 നും 500 നും ഇടയ്ക്ക് കച്ചവടം നടക്കുന്നതായി സൂര്യദേവ് പറഞ്ഞു.

ട്യൂഷന് ചേർന്നതിനാൽ കൂട്ടുകാരൻ ദേവൻ ഷെയർ ഒഴിഞ്ഞെങ്കിലും സൂര്യദേവ് അന്നന്നുള്ള വില്പന തുകയ്ക്ക് സാധനം വാങ്ങി കടയിൽ നിറയ്ക്കും.

ജ്യൂസ് വീട്ടിലെ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. ആവശ്യക്കാർ എത്തുമ്പോൾ എടുത്തു നൽകും. മൂത്ത സഹോദരി മോനിഷയാണ് കടയിലേയ്ക്ക് ആവശ്യമായ സർബത്ത് കാച്ചി നൽകുന്നത് . അവധിക്കാലത്ത് മോശം കുട്ടുകെട്ടിൽപ്പെടാതിരിക്കാനാണ് ഈ സംരംഭം തുടങ്ങാൻ പറഞ്ഞതെന്ന് സൂര്യദേവിന്റെ അച്ഛമ്മ രേണുകാദേവി പറഞ്ഞു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് സർവ്വോദയപുരം വട്ടയാലുങ്കൽ രതീഷിന്റെയും ആരോഗ്യ വകുപ്പിൽ നഴ്സായ ജയയുടെയും മകനാണ് സൂര്യദേവ്.

സ്കൂൾ തുറക്കുമ്പോൾ കട അച്ഛാമ്മയ്ക്ക് കൈമാറാനാണ് സൂര്യദേവിന്റെ തീരുമാനം . അച്ഛാമ്മയുടെ മുഷിപ്പ് മാറാനും ചെറിയ വരുമാനം കിട്ടാനും ഈ കട ഉപകരിക്കുമെന്നും സൂര്യദേവ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL