ആലപ്പുഴ: ജില്ലയിൽ പശുക്കളുടെ എണ്ണം ഗണ്യമായി കുറയുന്നതായി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ 21-ാം ലൈവ്‌സ്റ്റോക് സെൻസസിലാണ് കണ്ടെത്തൽ. 2019ൽ 79370 പശുക്കളുണ്ടായിരുന്ന ജില്ലയിൽ
2024 എത്തിയപ്പോഴേയ്ക്കും അത് 52338 ആയി കുറഞ്ഞു. അതായത് അഞ്ചുവർഷത്തിനിടെ ജില്ലയിൽ കുറഞ്ഞത് 27032 പശുക്കൾ. സംസ്ഥാനത്തും പശുക്കളുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. 2019ൽ 13,41,996
പശുക്കൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 9,10,556 ആണുള്ളത്. 32.15 ശതമാനത്തിന്റെ കുറവ്.
എല്ലാ ജില്ലകളിലും പശുക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളിലെയും അവസ്ഥ വിഭിന്നമല്ല.
പശുക്കളുടെ എണ്ണം കൂട്ടാൻ ക്ഷീരവികസനവകുപ്പ് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുമ്പോഴാണ് ഈ കുറവ് എന്നത് ശ്രദ്ധേയമാണ്. ഇത് പാൽ ഉത്പാദനത്തെ ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ക്ഷീരമേഖലയ്‌ക്ക് തിരിച്ചടി
1.സംസ്ഥാനത്ത് കർഷകർ ക്ഷീരമേഖല വിട്ടുപോകുന്നത് വർദ്ധിച്ചിട്ടുണ്ട്. കൂടുതലും ചെറുകിട കർഷകരാണ് പശുവളർത്തൽ ഉപേക്ഷിക്കുന്നത്. പുതിയ തലമുറ ഇതിൽ താത്പര്യം കാണിക്കാത്തതുമെല്ലാം കാലികളുടെ എണ്ണം കുറയാൻ കാരണമായി
2.ഉത്പാദനച്ചെലവിനനുസരിച്ച് പാലിന് വില ലഭിക്കാത്തതാണ് പ്രധാന കാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. അധിക ചെലവ് കാരണം കർഷകരിൽ പലരും പശുക്കളെ വിറ്റ് ഒഴിവാക്കുകയാണ്
3.കാലിത്തീറ്റയുടെ വിലയും കുത്തനെ കൂടിയതും പച്ചപ്പുല്ലും വൈക്കോലുമുൾപ്പെടെയുള്ളവയുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്.
കുളമ്പുരോഗം, അകിടുവീക്കം, ചർമ്മമുഴ എന്നിവയും ക്ഷീരകർഷകർക്ക് വെല്ലുവിളിയാണ്
4. വളർത്തുമൃഗങ്ങളുടെ എണ്ണം കൃത്യമായി ശേഖരിക്കുന്നതിന് വേണ്ടിയാണ് സെൻസസ് നടപ്പാക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന കണക്കുകൾ വിശകലനം ചെയ്തുവേണം മേഖലയിലെ പുരോഗതി വിലയിരുത്തേണ്ടതും വികസന പദ്ധതികൾ തയ്യാറാക്കേണ്ടതും
പശുക്കൾ
ജില്ലയിൽ
2019: 79370
2024: 52338
സംസ്ഥാനത്ത്
2019:1341996
2024: 910556
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |