SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

ആവശ്യപ്പെട്ടത് 10കിലോ കിഴിവ് പ്രതിഷേധിച്ചപ്പോൾ 3 ആയി

pady

ആലപ്പുഴ: നെല്ല് സംഭരണത്തിൽ മില്ലുകൾ അനാവശ്യ കിഴിവ് തർക്കം തുടരുന്നതിനിടെ മങ്കൊമ്പ് പാഡി ഓഫീസിൽ തകഴിയിൽ നിന്നുള്ള നെൽക‌ർഷകരുടെ പ്രതിഷേധം. 10 കിലോ കിഴിവ് ആവശ്യപ്പെട്ട മില്ലുകാർക്കെതിരെ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ പാഡി ഓഫീസിലെത്തിയതിന് പിന്നാലെ 3 കിലോ കിഴിവിന് മറ്രൊരുമില്ലുകാർ നെല്ലേറ്റെടുത്തു. ഇതോടെ തകഴി കൃഷിഭവൻ പരിധിയിലെ 200 ഏക്കർ പാടത്തെ നെല്ല് സംഭരണ പ്രശ്നത്തിന് പരിഹാരമായി.
കായൽ നിലങ്ങളിലടക്കം പുഞ്ചക്കൊയ്ത്ത് പുരോഗമിക്കവേ അനാവശ്യമായി കിഴിവ് ആവശ്യപ്പെടുകയും അതിന്റെ പേരിൽ നെല്ല് സംഭരണത്തിന് മില്ലുകാർ വിസമ്മതിക്കുകയും ചെയ്യുന്നത് പതിവായിട്ടും നടപടിയെടുക്കാൻ സപ്ളൈകോ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുഞ്ചക്കൊയ്ത്തിന് തുടക്കമിട്ട ചെറുതനയിലെ പാടശേഖരം മുതൽ ഏറ്റവും ഒടുവിൽ ഇന്നലെ തകഴിയിൽ വരെ സപ്ളൈകോ നിയോഗിച്ച മില്ലുകൾ നെല്ല് ഏറ്രെടുക്കാതെ കള്ളക്കളി തുടർന്നപ്പോഴാണ് സപ്ളൈകോ മൗനം തുടരുന്നത്.

പുളിങ്കുന്ന് കായിപ്പുറം പവ്വത്ത് കാട് പാടം,എടത്വ കൃഷിഭവൻ പരിധിയിലെ പട്ടത്താനം, വരമ്പിനകം പാടം, എന്നിവിടങ്ങളിലും മില്ലുകാരെ കാത്ത് നെല്ല് പാടത്തുകൂട്ടിയിടേണ്ടിവന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച തകഴിയിലെ കർഷകർ പ്രതിഷേധവുമായെത്തിയത്.

രണ്ടാഴ്ചയ്ക്കകം വലിയ പാടങ്ങളിലെ കൊയ്ത്ത് പൂർത്തിയായാൽ ഈ മാസം അവസാനത്തോടെ 80 ശതമാനത്തോളം വിളവെടുപ്പ് പൂർത്തിയാകുമെന്നാണ് പാഡി ഓഫീസിന്റെ പ്രതീക്ഷ.

 മുമ്പ് 130മില്ലുകൾ സംഭരണത്തിനെത്തിയിരുന്ന കുട്ടനാട്ടിൽ കഴിഞ്ഞ സീസണിൽ 55ഉം ഇത്തവണ 38ഉം മില്ലുകളാണ് നെല്ല് ഏറ്രെടുക്കാനുള്ളത്

 ഓരോ സീസണിലും മില്ലുകളുടെ എണ്ണം കുറയുകയും സർക്കാരിന് ബദൽ സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്

 ഇതുകാരണമാണ് മില്ലുകാരെ പിണക്കാതെ സംഭരണം പൂർത്തിയാക്കാൻ സപ്ളൈകോ ഉദ്യോഗസ്ഥരുടെ ശ്രമിക്കുന്നത്

 റാണിചിത്തിരയുൾപ്പെടെ കായൽപ്പാടങ്ങളിലെ നെല്ല് സംഭരണം ആരംഭിച്ചിരിക്കെ വൻകിട മില്ലുകൾ സംഭരണത്തിനെത്തും

നിലവിലുള്ള പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് പാഡി ഓഫീസിന്റെ വിശദീകരണം

നെല്ല് സംഭരണത്തിന് നിയോഗിച്ച മില്ലുകാർ അകാരണമായി പിൻമാറിയാൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥയുണ്ട്. കർഷകരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന മില്ലുകൾക്കെതിരെ കർശന നടപടിയ്ക്ക് സർക്കാർ തയ്യാറാകണം

- നെൽകർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL