SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഐതീഹ്യപെരുമ പുതുക്കി അമ്പലപ്പുഴ നാടകശാല സദ്യ

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഒമ്പതാംഉത്സവദിവസമായ ഇന്നലെ ഐതിഹ്യപ്പെരുമ പുതുക്കി ചരിത്രപ്രസിദ്ധമായ നാടകശാല സദ്യ നടന്നു. ക്ഷേത്ര ദർശനത്തിനും, സദ്യയിൽ പങ്കെടുക്കാനുമായി കൊടുംചൂടിലും നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു. നാടകശാലയിൽ വച്ച് വില്വമംഗലം സ്വാമിയാർക്ക് ഭഗവദ് ദർശനം കിട്ടിയതിന്റെ സ്മരണ പുതുക്കുന്ന ചടങ്ങു കൂടിയാണ് നാടകശാല സദ്യ. പുലർച്ചെ നാലുമണി മുതൽ തന്നെ ഭക്തരുടെ നീണ്ട നിര ഉണ്ടായിരുന്നു. ഭക്തരുടെ സഹകരണത്തോടെ ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് നാടകശാലസദ്യ നടക്കുന്നത്. ഉച്ചക്ക് പന്ത്രണ്ടരയോടെ ആചാര പെരുമകളോടെ വലിയ പപ്പടവും പഴക്കുലയും നാടകശാലയുടെ വടക്കുപടിഞ്ഞാറെ മൂലയിൽ കെട്ടി തൂക്കി.കലവറയിൽ അയ്യപ്പസംഘം സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി.തുടർന്ന് 400 ഓളം ഇലകളിൽ സദ്യ വിളമ്പി. ഉപ്പ്, ഉപ്പേരി, പഴവർഗങ്ങൾ,22 തൊടുകറികൾ, അവിയൽ, തോരൻ പരിപ്പ്, നെയ്യ്, പുളിശേരി, 5 തരം പായസം, മോര് എന്നിങ്ങനെ 46 ഇനങ്ങളാണ് വിളമ്പിയത്. അമ്പലപ്പുഴ സഹോദരങ്ങളുടെ പിൻതലമുറക്കാരായ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള വഞ്ചിപ്പാട്ട് സംഘത്തിന്റെ പാട്ടിനൊത്ത് ചുവടുവച്ച് ഊണുകഴിച്ച ഇലകളുമെടുത്ത് പുത്തൻകുളത്തിൽ പോയി തിരികെ വന്നു. സംഘത്തെ ദേവസ്വം അധികൃതരും പൊലീസും പഴക്കുലയും പണക്കിഴിയും നല്കി സ്വീകരിച്ചു. പിന്നീട് കിഴക്കേ നടയിൽ പോയി വഞ്ചിപ്പാട്ട് കീർത്തനങ്ങൾ ചൊല്ലി, കുളത്തിൽ കുളിച്ചതോടെ ചടങ്ങുകൾക്ക് സമാപനമായി. നാടകശാലസദ്യയ്‌ക്കു ശേഷം ഭക്തർക്ക് പ്രത്യേകം സദ്യയും ഒരുക്കിയിരുന്നു. ശ്രീകൃഷ്ണ ക്ഷേത്ര വികസനട്രസ്റ്റിന്റെ നേതൃത്വത്തിൽ ആനയൂട്ടും നടന്നു.

ഇന്ന് വൈകിട്ട് 5.30ന് ആറാട്ട് പുറപ്പാട്. 7ന് ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രത്തിൽ ആറാട്ട്. 8.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്.രാത്രി 1.30ന് ചുറ്റുവിളക്ക്. ആറാട്ട് അകത്തെഴുന്നള്ളിപ്പ്, വലിയ കാണിക്ക. ദീപാരാധന, അത്താഴപൂജ, അത്താഴ ശ്രീബലി എന്നിവ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL