SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

കളം നിറഞ്ഞു,​ പോരാട്ടച്ചൂടും ചൂരും നിറഞ്ഞ് മണ്ഡലങ്ങൾ

saji

ആലപ്പുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫും എൻ.ഡി.എയും കളം നിറഞ്ഞതോടെ,​ ത്രികോണ മത്സരത്തിന്റെ ചൂടിലും ചൂരിലുമാണ് മണ്ഡലങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തിൽ പിന്നാക്കം പോയ യു.ഡി.എഫും എൻ.ഡി.എയും ഒരുറൗണ്ട് മുന്നേറിയ എൽ.ഡി.എഫിനൊപ്പമെത്താൻ ഓട്ടപ്രദക്ഷിണം തുടങ്ങി. സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം വൈകിയതിനാൽ ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ് യു.ഡി.എഫ് പ്രചരണത്തിൽ പിന്നാക്കമായത്.

സ്ഥാനാർത്ഥികളെ തീരുമാനിച്ചതിന് പിന്നാലെ കായംകുളത്ത് വ്യാഴാഴ്ച രാത്രി വൈകിയും വോട്ടർമാരെ കാണാൻ സമയം ചെലവിട്ട ലിജു പെരുന്നാൾ ദിനമായ ഇന്നലെ രാവിലെ മുതൽ ഈദ്ഗാഹുകളിലും പള്ളികളിലുമെത്തി വിശ്വാസികൾക്ക് ആശംസകൾ നേർന്നും വോട്ടഭ്യർത്ഥിച്ചും മുന്നേറി. ആദ്യ ഒരു റൗണ്ട് പ്രചരണം പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രതിഭ രണ്ടാം റൗണ്ട് പര്യടനത്തിരക്കിലാണ്. കായംകുളത്തിന് പുറമേ ആലപ്പുഴ മണ്ഡലത്തിൽ ഇന്നലെ കളത്തിലിറങ്ങിയ കോൺഗ്രസ് സ്ഥാനാർത്ഥി എ.ഡി.തോമസിനും ആദ്യദിനം മത്സരച്ചൂടിന്റേതായി. പള്ളികളിലും ഈദ് ഗാഹുകളിലും പുലർച്ചെ മുതൽ പരമാവധി വോട്ടർമാരെ നേരിൽ കാണാൻ ശ്രമിച്ച തോമസ് മുതിർന്ന നേതാക്കളുടെ അനുഗ്രവും തേടി. ഇടതുവലതുമുന്നണികൾക്കൊപ്പം ബി.ജെ.പി സ്ഥാനാർത്ഥി എം.ജെ ജോബും വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ സജീവമാണ്.

ജില്ലയിൽ ഘടകകക്ഷികൾക്ക് നൽകിയ കുട്ടനാട്, ഹരിപ്പാട്, ചേർത്തലയുൾപ്പെടെ മുഴുവൻ മണ്ഡലങ്ങളിലും ചിട്ടയായ പ്രവർത്തനവുമായി പ്രചരണപരിപാടികളിൽ ഇടതുമുന്നണി വലിയ മുന്നേറ്റത്തിലാണ്. മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ സജിചെറിയാനെതിരെ യു.ഡി.എഫ് നിയോഗിച്ച അഡ്വ.എബി കുര്യോക്കോസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ മുതൽ ചെങ്ങന്നൂരിൽ സജീവമായി.

വിമതശല്യത്തെ കരുതണം

തിരഞ്ഞെടുപ്പിന് അധികം ദിവസങ്ങൾ ഇല്ലെന്നിരിക്കേ,​ രാജിയും വിമതശല്യവുമൊക്കെയായി ഊരാക്കുടുക്കിലായ ആലപ്പുഴയിലെ കോൺഗ്രസ് നേതൃത്വത്തിന് ഭഗീരഥ പ്രയത്നത്തിലൂടയേ മുന്നേറ്റം സാദ്ധ്യമാകൂ. അമ്പലപ്പുഴ, കുട്ടനാട് സീറ്റുകളുടെ പേരിലുണ്ടായ രാജികളും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. സി.പി.എം നേതാവായിരുന്ന ജി.സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ജോബിന് പിന്നാലെ കുട്ടനാട് സീറ്റിന്റെ പേരിൽ സജി ജോസഫിന്റെയും ഗോപകുമാറിന്റെയും രാജിയും പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അസംതൃപ്തി പുകയുന്നു

അമ്പലപ്പുഴയിൽ എം.ലിജുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് സി.പി.എം വിട്ടുവന്ന ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതേ തുടർന്ന് ലിജുവിനെ കായംകുളത്തേക്ക് മാറ്റുകയായിരുന്നു. ഇടതുവലതുമുന്നണികളിലും എൻ.ഡി.എയിലും അവഗണിക്കപ്പെട്ടവരുടെ നിലപാടും പ്രതിഷേധവും ഏതൊക്കെ രൂപത്തിൽ പ്രകടമാകുമെന്ന് വരും മണിക്കൂറുകളിലെ അറിയാനാകൂ. കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് ജോസഫിന് കൈമാറിയതിൽ കോൺഗ്രസ് പ്രവർത്തകർക്കുള്ള അമർഷത്തിനും പ്രതിഷേധത്തിനും പരിഹാരം കണ്ട് കുട്ടനാട് തിരിച്ചുപിടിക്കാനും നേതൃത്വത്തിന്റെ ഇടപെടലുണ്ടായേ മതിയാകൂ. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിലുൾപ്പെടെ സീറ്റ് ലഭിക്കാത്തവരുടെ നീരസവും അസംതൃപ്തിയും പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഭീഷണിയായുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL