SignIn
Kerala Kaumudi Online
Tuesday, 09 June 2026 6.55 PM IST

ആലപ്പുഴയിലെ 'രക്ഷാപ്ര‌വർത്തനം'; അ‌‌ഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

READ ENGLISH VERSION

rescue-operation-case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം ലഭിച്ചു. കേസിൽ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നീ അഞ്ചുപേർക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന എസ്ഐടിക്കെതിരെയും പ്രൊസിക്യൂഷനെതിരെയും കോടതി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം (വകുപ്പ് 308) ചുമത്തിയ എസ്ഐടി നടപടിയെ കോടതി ശക്തമായി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധക്കാര്‍ കുനിഞ്ഞതുകൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റത് എന്ന് ചോദിച്ച കോടതി പെട്ടെന്നുണ്ടായ ഒരു പ്രതികരണമല്ലേ അവിടെ നടന്നതെന്നും ആരാഞ്ഞു. അതേസമയം ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് ഗണ്‍മാന്‍മാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.

മെയ് 30 വരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമുണ്ടായിരുന്ന കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുന്‍പ് പെട്ടെന്ന് ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത രീതിയെയും കോടതി വിമര്‍ശിച്ചു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ ആവര്‍ത്തിച്ചു കണ്ടു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും തലയ്ക്കടിക്കുന്നതോ വാഹനത്തില്‍ നിന്ന് ഗണ്‍മാന്‍മാര്‍ ഇറങ്ങുന്നതോ വ്യക്തമായി കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ അവിടെ മര്‍ദനം ഉണ്ടായില്ല എന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


2023 ഡിസംബര്‍ 15ന് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്ന ഗണ്‍മാന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് ഒരു 'രക്ഷാപ്രവർത്തന'മാണെന്നും പിണറായി വിജയൻ പറഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദേശപ്രകാരം ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALAPPUZHA, GUNMAN, PINARAYI VIJAYAN, NAVAKAERALA SADASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA