SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

നാടിന് പോഷകമാകാൻ മില്ല​റ്റ് വില്ലേജ് പദ്ധതി

melt

ആലപ്പുഴ: കേരളത്തെ പോഷകാഹാര കലവറയാക്കാൻ മില്ല​റ്റ് വില്ലേജ് പദ്ധതിയുമായി കൃഷിവകുപ്പ്. തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളെ നൂതനകൃഷി രീതിയിലൂടെ അന്താരാഷ്ട്രനിലവാരമുള്ള മില്ല​റ്റ് ധാന്യങ്ങളുടെ ഉത്പാദന കേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അട്ടപ്പാടി മാതൃകയിൽ സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി. കേന്ദ്ര,​ സംസ്ഥാന ബഡ്ജ​റ്റുകളിൽ ചെറുധാന്യ കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികൾ ഉൾപ്പെടുത്തിയതോടെ വരുന്ന സീസൺ മുതൽ കേരളത്തെ മില്ല​റ്റ് ധാന്യകൃഷിയുടെ കേന്ദ്രമാക്കാനാണ് നീക്കം. കേരളത്തിന്റെ പരമ്പരാഗതമായ അരി ആഹാരത്തിൽ നിന്ന് മില്ല​റ്റ് ധാന്യങ്ങളടക്കമുള്ള ന്യൂജൻ ആഹാരശൈലിയിലേക്ക് പുതുതലമുറ മാറുകയും ഇവയ്ക്ക് ഡിമാന്റ് കൂടുകയും ചെയ്ത സാഹചര്യത്തിൽ,​ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് സാമ്പത്തിക അഭിവൃദ്ധി നേടാനും പദ്ധതി പ്രയോജനപ്രദമാകും. ജില്ലയിൽ വള്ളികുന്നം, കായംകുളം, പത്തിയൂർ, ചേ‌ർത്തല മേഖലകളെ മില്ലറ്റ് ഗ്രാമങ്ങളാക്കി മാറ്റും. റാഗി, ചാമ, തിന, വരക്, ബജ്റ, മണിച്ചോളം, പനിവരക്, ബ്രൗൺ ടോപ്പ് (മലഞ്ചാമ), കുതിരവാലി എന്നിങ്ങനെ ഒമ്പത് ചെറുധാന്യങ്ങളാന്ന് കൃഷി ചെയ്യുന്നത്. മണിച്ചോളം, ബജ്റ, റാഗി എന്നിവയെ മേജർ മില്ല​റ്റുകളായും ബാക്കിയുള്ളവയെ മൈനർ മില്ല​റ്റുകളായും കണക്കാക്കുന്നു.

ജില്ലയിൽ നാല് മില്ലറ്റ് ഗ്രാമങ്ങൾ

1.പരമ്പരാഗത കൃഷികളായ നെല്ലിനും എള്ളിനും പുറമേ അത്രയൊന്നും പരിചരണം ആവശ്യമില്ലാത്ത മില്ലറ്റ് കൃഷിയെ രോഗബാധയോ, കീടശല്യമോ ബാധിക്കില്ല. ചുരുങ്ങിയ ചെലവിൽ ചെറിയ ഇടവേളകളിൽ കൃഷിയിറക്കാം

2.ചൂടിനെയും മഴയെയും പ്രതിരോധിച്ച് പിടിച്ചുനിൽക്കാൻ കഴിയുന്ന ഇവയ്ക്ക് അനുകൂല സാഹചര്യത്തിൽ മികച്ച വിളവിലൂടെ കർഷകർക്ക് നല്ല ലാഭം നേടികൊടുക്കാൻ കഴിയും

3.കേരളത്തിൽ മില്ല​റ്റ് കൃഷിയുടെ തുടക്കം അട്ടപ്പാടിയിലായിരുന്നു. 2017 ൽ അട്ടപ്പാടി മേഖലയിൽ 150 ഏക്കറോളമായിരുന്നു മില്ല​റ്റ് കൃഷി. എന്നാൽ, ഇപ്പോൾ ഒരു സീസണിൽ 2500 ഏക്കറോളം മില്ല​റ്റ് കൃഷി ചെയ്യുന്നുണ്ട്

4.അട്ടപ്പാടിയിലെ 15 സീഡ് ബാങ്കുകൾ മുഖേന സംസ്ഥാനത്ത് ചെറുധാന്യ വിത്തുകൾ വിതരണം ചെയ്യും. ഒരു വർഷം രണ്ട് സീസണുകളാണുളളത്. സീസണിൽ ഏകദേശം 5.2 ദശലക്ഷം ടണ്ണാണ് നിലവിലെ ഉൽപ്പാദനം

ധാതുക്കളുടെ ഉറവിടം

# മഴവെള്ളം നിറഞ്ഞപ്രദേശത്തും തഴച്ചുവളരും

# വെള്ളം, വളം, കീടനാശിനികൾ എന്നിവ കുറച്ചുമതി

# പോഷക ഘടകങ്ങളുടെയും ബയോആക്ടീവ്

ഫ്‌ളേവനോയ്ഡുകളുടെയും സാന്നിദ്ധ്യം

# കാത്സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുടെ ഉറവിടം

# ഉയർന്ന രക്തസമ്മർദ്ദവും ശരീരഭാരവും നിയന്ത്റിക്കാം

# അമിനോ ആസിഡുകൾ വർദ്ധിപ്പിക്കും

# പ്രോട്ടീൻ ദഹനം സുഗമമാക്കും

# കാലിത്തീ​റ്റയായും ഉപയോഗിക്കാം

കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപ്പാദനം നടത്താൻ കഴിയുന്നതിനാലും കൃഷി ചെലവുകൾ തുലോം കുറവായതിനാലും ചെറുധാന്യകൃഷിക്ക് കർഷകർ തയ്യാറായി എത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വില്ലേജുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും

-പ്രോജക്ട് ഡയറക്ടർ, കൃഷിവകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL