SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.39 AM IST

വെട്ടിയാർ പെരുവേലിചാൽ പുഞ്ച,​ 300 ഏക്കർ കൃഷി കരിഞ്ഞുണങ്ങി

nel

ആലപ്പുഴ: വേനൽ മഴയ്ക്കൊപ്പം പമ്പ ഇറിഗേഷൻ കനാലിലെ വെള്ളവും കിട്ടാതായതോടെ മാവേലിക്കര വെട്ടിയാർ പെരുവേലിചാൽ പുഞ്ചയിലെ

300 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി. കൊയ്‌ത്തിന് പാകമായ കൃഷി നശിച്ചതോടെ കർഷകർ കടക്കെണിയിലാണ്. പാടത്തെ നെല്ലും വൈക്കോലും ഇനി എന്തുചെയ്യുമെന്നറിയാതെ വലയുകയാണവർ.

ചുനക്കര, നൂറനാട്, തഴക്കര ഗ്രാമ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പെരുവേലിചാൽ പാടശേഖരം തഴക്കര കൃഷി ഭവന് കീഴിലാണ്.

വെട്ടിയാർ കുലക്കട ജംഗ്ഷനിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളം പമ്പ് ചെയ്‌താണ് ഇത്തവണ കൃഷി സാദ്ധ്യമാക്കിയത്. നെല്ല് കതിരുവരാറായ ഘട്ടത്തിലാണ് മീനച്ചൂട് കടുത്തത്. പാടത്തിലെ ഈർപ്പം കൊണ്ട് മീനവെയിലിനെ അതിജീവിച്ചെങ്കിലും മാർച്ച് 21ന് ശേഷം ഒരു മഴ പോലും ലഭിക്കാതായതോടെ 80 ഓളം കർഷകരുടെ പ്രതീക്ഷയാണ് പെരുവേലിച്ചാൽ പുഞ്ചയിൽ പൊലിഞ്ഞത്. പാടത്ത് വെള്ളം പമ്പ് ചെയ്യാൻ സൗകര്യമുള്ള ചില കർഷകർക്ക് മാത്രമാണ് അൽപ്പമെങ്കിലും വിളവ് ലഭിച്ചത്. ബഹുഭൂരിപക്ഷം പാടങ്ങളിലെയും നെല്ല് കരിഞ്ഞു. വിത മുതൽ ഇതുവരെ ഏക്കറിന് 35,000 രൂപയോളം ചെലവാക്കിയ കർഷകർക്ക് 5000 രൂപയുടെ പോലും നെല്ല് കിട്ടാത്ത സ്ഥിതിയാണ്. ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ,​ വരും ദിവസങ്ങളിലും ചൂട് കഠിനമായാൽ കതിരായിവരുന്ന പാടങ്ങളെയും ബാധിക്കാനാണ് സാദ്ധ്യത.

പമ്പാ ഇറിഗേഷൻ കനാൽ തുറന്നില്ല

1.മഴയ്ക്കൊപ്പം പമ്പ ഇറിഗേഷൻ കനാൽ,​ അച്ചൻ കോവിലാർ എന്നിവടങ്ങളിലെ വെള്ളത്തെ ആശ്രയിച്ചാണ് പെരുവേലിചാൽ പുഞ്ചയിൽ നെൽക്കൃഷി നടന്നുവരുന്നത്

2.ഡിസംബർ അവസാനവും ജനുവരി ആദ്യ ആഴ്ചയുമായിട്ടായിരുന്നു ഇത്തവണത്തെ വിത.വിതയ്ക്കും കളനശീകരണത്തിനും പോലും വെളളം ലഭ്യമാക്കാൻ പമ്പാ ഇറിഗേഷൻ പ്രോജക്ടിന് കഴിഞ്ഞില്ല

3.വേനൽ കടുത്തതോടെ കനാൽ വെള്ളത്തിനായി കർഷകർ കൃഷി ഓഫീസിലും പമ്പ ഇറിഗേഷൻ ഓഫീസിലും നിരവധി തവണ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല

4.മണിയാർ ഡാമിൽ ഷട്ടർ മാറ്റി സ്ഥാപിക്കൽ ജോലികൾ നടക്കുന്നതിനാൽ കനാൽ തുറന്നുവിടാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഇറിഗേഷൻ ഉദ്യോഗസ്ഥർ

5.തഴക്കര കൃഷി ഓഫീസർ പല തവണ പാടത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തെങ്കിലും പമ്പ ഇറിഗേഷൻ ഉദ്യോഗസ്ഥർ അനങ്ങിയില്ല

ഒരു തുള്ളിവെള്ളം പാടത്തില്ലാതെപോയതാണ് നെല്ല് കരിയാൻ കാരണം. ഇറിഗേഷൻ ഉദ്യോഗസ്ഥരെ പലതവണ നേരിൽ കണ്ടിട്ടും കനാൽ തുറന്നുവിട്ട് നെൽകൃഷി സംരക്ഷിക്കാൻ തയ്യാറായില്ല

-സോളമൻ ടി.ജോർജ് , നെൽകർഷകൻ

മണിയാർ ഡ‌ാമിന് പുതിയ ഷട്ടറുകൾ ഘടിപ്പിക്കുന്ന ജോലികളുടെ ഭാഗമായാണ് മുൻകൂട്ടി അറിയിച്ചശേഷം കനാലിലെ ജലവിതരണം നിർത്തിയത്. ജോലികൾ മഴയ്ക്ക് മുമ്പ് പൂർത്തിയാക്കേണ്ടതാണ്

- പമ്പ ഇറിഗേഷൻ ഓഫീസ്, ചെങ്ങന്നൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL