SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.33 AM IST

പൊടിയടക്കി മഴ,​ കുളിരണിഞ്ഞ് നാട്

mazha

ആലപ്പുഴ: കൊടും ചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽ മഴയെത്തി. ആലപ്പുഴ നഗരത്തിലുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയതോതിൽ മഴ അനുഭവപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജനം. ജില്ലയിൽ കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ,ആലപ്പുഴ, ചേർത്തല, തുറവൂർ, അരൂർ ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകിട്ട് നേരിയ മഴ അനുഭവപ്പെട്ടത്. സമീപ ജില്ലകൾക്കൊപ്പം ജില്ലയിലാകമാനം ശക്തമായ മഴ അനുഭവപ്പെടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതെങ്കിലും അത്രകണ്ട് മഴ ലഭിക്കാതെ പോയതിന്റെ നിരാശയിലാണ് ജനം. വേനൽ കടുത്തതോടെ കുടിവെള്ളം പോലുമില്ലാതെ ജനജീവിതം ദുസഹമാകുകയും കൃഷി കരിഞ്ഞുങ്ങുകയും ചെയ്തതോടെ നാടാകെ മഴ കാത്തിരിക്കുകയാണ്. കുടിവെള്ള ക്ഷാമവും വരൾച്ചയും രൂക്ഷമായ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നേരിയതോതിൽ പോലും മഴ ലഭിക്കാത്തത് ഇവിടങ്ങളിലെ ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. പമ്പ ഇറിഗേഷൻ കനാലുകളിലെ ജലവിതരണവും ഒരുമാസമായി മുടങ്ങിയതോടെ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാതെ നെട്ടോട്ടത്തിലാണ് ജനം.

പ്രതീക്ഷിച്ചതുപോലെ ശക്തമായ മഴ അനുഭവപ്പെട്ടില്ലെങ്കിലും മുൻ ദിവസങ്ങളിലേക്കാൾ ചൂട് കുറഞ്ഞത് വലിയ ആശ്വാസമാണുണ്ടാക്കിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് അനുസരിച്ച് മേയ് 2ന് സാമാന്യം നല്ല മഴയ്ക്ക് സാദ്ധ്യതയുള്ളതായാണ് കണക്കാക്കുന്നത്.

കൃഷിക്കാർ പ്രതീക്ഷയിൽ

കൊയ്ത്ത് പൂർത്തിയായ കുട്ടനാട്ടിൽ രണ്ടാം കൃഷിക്കുള്ള ഒരുക്കങ്ങൾക്കിടെ മഴ ലഭിച്ചാൽ ഓരുവെള്ളസാന്നിദ്ധ്യം കാരണം പാടങ്ങളിലെ ഉയർന്ന ലവണ സാന്നിദ്ധ്യം കുറയ്ക്കാനും കള നശീകരണത്തിനും പ്രയോജനപ്പെടും. മേടച്ചൂടിൽ കരിഞ്ഞുണങ്ങിയ കര കൃഷികൾക്കും വേനൽ വിളകൾക്കും മഴ ഗുണമാണ്. കുടിവെള്ള വിതരണം ഗുരുതര പ്രതിസന്ധിയായിരിക്കെ ആറുകളിലെ ജലനിരപ്പ് ഉയരാനും വേനൽ മഴ ശക്തമായേ മതിയാകൂ. കാലവർഷാരംഭത്തിന് ഒരുമാസത്തോളം സമയം ശേഷിക്കെ ഇടവിട്ട് നാലഞ്ചുദിവസമെങ്കിലും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങൾ കൊടും ചൂടിനും വരൾച്ചയ്ക്കുമാകും നാട് സാക്ഷ്യം വഹിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL