SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

റോഡ് നിർമ്മാണത്തിന്റെ അവശിഷ്ടങ്ങൾ ഇടിഞ്ഞു വീണ് മതിൽ തകർന്നു

khk

തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണത്തിനായി കുഴിച്ചെടുത്ത മണ്ണും മറ്റ് അവശിഷ്ടങ്ങളും ശേഖരിച്ച് നിക്ഷേപിച്ച സ്ഥലത്തെ മൺകൂന കഴിഞ്ഞരാത്രിയിലെ മഴയിൽ ഇടിഞ്ഞുവീണ് സമീപത്തെ മൂന്ന് വീടുകളുടെ മതിലുകൾ തകർന്നു. അരൂർ പഞ്ചായത്ത് പതിനാലാം വാർഡിലെ അനസ് മൻസിലിൽ അസീസ്, കിഴക്കേടത്ത് കുഞ്ഞുമുഹമ്മദ്, അബ്ദുൽ അസീസ് എന്നിവരുടെ വീടുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്.

ചന്തിരൂർ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ 80 സെന്റ് ഭൂമിയിൽ മലപോലെ കൂട്ടിയിട്ടിരുന്ന മണ്ണും നിർമാണാവശിഷ്ടങ്ങളുമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്. പ്രദേശവാസികൾ സഞ്ചരിക്കുന്ന നടവഴിയും ഭാഗികമായി മൂടിയതോടെ യാത്ര ദുരിതത്തിലായി.

സംഭവമറിഞ്ഞ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, വാർഡ് അംഗം ഡയാന എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

30 മീറ്ററോളം ഉയരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മൺകൂനയ്ക്ക് ചുറ്റുമായി അമ്പതോളം വീടുകളും രണ്ട് ക്ഷേത്രങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് ഗുരുതര ഭീഷണിയായ ഈ മൺകൂന ഇവിടെ നിന്ന് ഉടൻ നീക്കം ചെയ്യണമെന്ന് സ്ഥലം ഉടമയോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വാർഡ് അംഗം ഡയാന ആരോപിച്ചു.

പഞ്ചായത്ത് അധികൃതർ നേരത്തെ സ്ഥലത്തെത്തി അപകടകരമായ മൺകൂന നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ച് വീണ്ടും ലോറിയിൽ മണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചതായും നാട്ടുകാർ ആരോപിച്ചു. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വീണ്ടും മണ്ണിറക്കാനുള്ള ശ്രമം തടഞ്ഞു.

പ്രദേശത്തേക്കുള്ള പൊതുവഴി നിലവിൽ വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ദുരവസ്ഥയിലാണ്.

സംഭവം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയതായി വാർഡ് അംഗം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL