SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

മൊബിലിറ്റി ഹബ് പദ്ധതി, 9 വർഷമായിട്ടും ഒന്നുമായില്ല

hun

ആലപ്പുഴ: ആലപ്പുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള മൊബിലിറ്റി ഹബ് പദ്ധതി വർഷങ്ങളായിട്ടും ഒരടിപോലും മുന്നോട്ടില്ല. ഗതാഗതരംഗത്ത് ജില്ലയിൽ സുപ്രധാന മാറ്റം കൊണ്ടുവരാൻ വേണ്ടിയാണ് മൊബിലിറ്റി ഹബ് പദ്ധതി ആവിഷ്ക്കരിച്ചത്. ജി.സുധാകരൻ, തോമസ് ഐസക്ക്, എ.കെ.ശശീന്ദ്രൻ എന്നിവർ മന്ത്രിമരായിരിക്കേ, 2016ൽ ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തുകയും കിഫ്ബി പദ്ധതി പ്രകാരം 493.06 കോടി രൂപ അനുവദിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് രണ്ട് തവണ നിർമ്മാണോദ്ഘാടനം നടത്തിയിട്ടും ഹബ് യാഥാർത്ഥ്യമായില്ല. നിർമ്മാണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിക്കുമ്പോൾ താൽക്കാലിക ഗ്യാരേജായി ഉപയോഗിക്കാൻ വളവനാട് ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് ഏഴ് കോടിയോളം രൂപ മുടക്കി നടത്തിയ നിർമ്മാണ പ്രവൃത്തികളല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ട് ബോദ്ധ്യപ്പെടാൻ കഴിയുന്ന യാതൊരു വികസനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമ്മാണം വന്നതോടെ ഹബിനെ റെയിൽവേയുമായി ബന്ധിപ്പിക്കാനുള്ള ആശയങ്ങളിലടക്കം സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ പഴയ ബോട്ട് ജെട്ടി വരെ 4.07 ഏക്കർ സ്ഥലത്ത് 1,75,000 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് ഹബ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ പഴയ ബോട്ട് ജെട്ടിയുടെ ഭാഗത്ത് പുതിയ ജില്ലാക്കോടതി പാലത്തിന്റെ നിർ‌മ്മാണം നടന്നുവരികയാണ്. ബസ് ടെർമിനൽ, ബോട്ട് ടെർമിനൽ, ജലഗതാഗത വകുപ്പ് ഓഫീസ്, ബോട്ട് റിപ്പയിറിംഗ് ഡോക്ക്, ഷോപ്പിംഗ് കോംപ്ലക്സ്, എക്സിബിഷൻ സെന്റർ, യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, റെയിൽവേ സ്റ്റേഷൻ മുതൽ കനാൽകരയിലൂടെ മോണോറെയിൽ തുടങ്ങിയവയും പദ്ധതിയിലുണ്ട്.

ജി.സുധാകരനിൽ പ്രതീക്ഷ

1.കഴിഞ്ഞ 9 വർഷമായി ഹബിന് വേണ്ടി കാത്തിരുന്ന ആലപ്പുഴക്കാർക്ക്

ഇപ്പോഴത്തെ പ്രതീക്ഷ, പദ്ധതിക്ക് തുടക്കമിട്ട കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരന്റെ മടങ്ങിവരവാണ്

2.അമ്പലപ്പുഴ എം.എൽ.എയായി അദ്ദേഹം സ്ഥാനമേൽക്കുന്നതോടെ ജീവനറ്റു കിടക്കുന്ന പദ്ധതികൾക്ക് പുനരുജ്ജീവനമുണ്ടാകുമെന്നാണ് ആലപ്പുഴക്കാർ കരുതുന്നത്. അതിൽ പ്രധാനമാണ് ഹൗസ് ബോട്ട് മാതൃകയിലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്

3.പദ്ധതിയുടെ രൂപരേഖ നിരവധിത്തവണ തിരുത്തേണ്ടി വന്നതും

ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കാത്തതിൽ ഗതാഗത മന്ത്രി നേരിട്ട് വിമർശനം ഉന്നയിച്ചതുമെല്ലാം പദ്ധതി വൈകാൻ കാരണമായിട്ടുണ്ട്

4. വിദഗ്ദ്ധസമിതിയില്ലാതിരുന്നതും തിരിച്ചടിയായി. ഹബ്ബ് വരുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ നവീകരണവും അനന്തമായി നീളുകയാണ്

എം.എൽ.എ സ്ഥാനമേറ്റെടുത്ത ശേഷം അടിയന്തരമായി യോഗം വിളിച്ചു ചേർത്ത് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. ഹബ് അടക്കം പൂർത്തിയാകാതെ കിടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം യാഥാർത്ഥ്യമാക്കും

- ജി.സുധാകരൻ, നിയുക്ത എം.എൽ.എ, അമ്പലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL