
ആലപ്പുഴ: വേനൽമഴയിൽ 24 ശതമാനത്തിന്റെ വർദ്ധനയോടെ ജില്ലയിൽ കാലവർഷം കനത്തു. അരൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അരൂർ കോടംതുരുത്ത് ചമ്മനാട്ടുതറയിൽ രവി (60) ആണ് മരിച്ചത്. താഴ്‌ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. മഴ ശക്തമായതോടെ ഇന്നലെ ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് 28 ലേക്ക് നീട്ടി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കുന്നത്.
മാർച്ച് ഒന്നുമുതൽ ഇതുവരെ ജില്ലയിൽ 82.4 മില്ലിമീറ്റർ വേനൽമഴ അധികം ലഭിച്ചു. കേന്ദ്രകാലവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് 338.1 മില്ലിമീറ്റർ മഴയാണ് സാധരണയായി ഇക്കാലയളവിൽ ലഭിക്കേണ്ടത്. എന്നാൽ, ഇതുവരെ 420.5 മില്ലിമീറ്റർ മഴ ലഭിച്ചു. ഇൗ മാസം 15 വരെ ജില്ലയിൽ വേനൽമഴയിൽ 32 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. 182.9 മില്ലിമീറ്റർ മഴ മാത്രമാണ് മാർച്ച് ഒന്നുമുതൽ മേയ് 15 വരെ ലഭിച്ചത്. തുടർന്നുള്ള ആഴ്‌ചകളിൽ മഴ കനത്തു.
തീരങ്ങളിൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കോടികളുടെ കൃഷിനാശം
# വേനൽ ആരംഭിച്ചശേഷമുണ്ടായ കടുത്ത വരൾച്ചയിലും ശക്തമായ വേനൽമഴയിലും ജില്ലയിൽ 810 കർഷകരുടെ 663.96 ഹെക്ടറിലെ കൃഷി നശിച്ചു. 4.98 കോടിയുടെ കൃഷിനാശം. 243 ഹെക്ടറിലെ നെൽകൃഷി നശിച്ചു. 271കർഷകർക്കായി 3.64കോടിയുടെ നഷ്ടമുണ്ടായി
# ജില്ലയുടെ തെക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെട്ട പരമ്പരാഗത കാർഷികമേഖലയായ ചാരുംമൂട്ടിൽ 411.58 ഹെക്ടറിലായി 374 കർഷകരുടെ കരകൃഷി നശിച്ചു. 81.74 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി
# 178 കർഷകരുടെ 11,590 വാഴകൾ മഴയിലും കാറ്റിലും വരൾച്ചയിലും നശിച്ചു. 67 ലക്ഷത്തിന്റെ നഷ്‌ടം. 1.209 ഹെക്ടറിലായി 27 കർഷകരുടെ പച്ചക്കറി കൃഷിനശിച്ചതിലൂടെ 54,000 രൂപയുടെ നഷ്‌ടമുണ്ടായി
# വേനൽമഴയിൽ മാർച്ച് ഒന്നുമുതൽ ഇന്നലെവരെ ജില്ലയിൽ 40 വീടുകൾ ഭാഗികമായി തകർന്നു. അമ്പലപ്പുഴയിൽ ഏഴ്, കുട്ടനാട്ടിൽ 31, ചേർത്തലയിൽ ഒന്ന് എന്നിങ്ങനെയാണ് വീടുകൾക്കുണ്ടായ നാശം.
ഇടിമിന്നലിൽ ജാഗ്രത വേണം
# ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരരുത്
#ജനലും വാതിലും അടച്ചിടുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്
#ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ലാൻഡ്ഫോൺ ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കാം
#വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്
കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം
#മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമില്ലാത്തതിനാൽ പ്രഥമ ശുശ്രൂഷ നൽകാം. ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണനിമിഷങ്ങളാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |