മാന്നാർ: വീട്ടമ്മയെയും ഭർത്താവിനെയും അക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്ത കേസിൽ പ്രതികളെ മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്തു. വിമുക്തഭടൻ മാന്നാർ കുരട്ടിശ്ശേരി പട്ടരോടത്ത് വടക്കേതിൽ രാധാകൃഷ്ണൻ (60), പട്ടരോടത്ത് വടക്കേതിൽ രാജൻ (53) എന്നിവരാണ് അറസ്റ്റിലായത്. മെയ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മയും ഭർത്താവും ഒന്നിച്ച് വരവേ ഒന്നാം പ്രതിയായ രാധാകൃഷ്ണൻ വീട്ടമ്മയുടെ ഭർത്താവിനെ മർദിക്കുകയും രണ്ട് പ്രതികളും ചേർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. തന്റെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങൾ കീറുകയും ചെയ്തതിൽ തനിക്ക് മാനഹാനി സംഭവിച്ചതായി പൊലീസിന് നൽകിയ പരാതിയിൽ വീട്ടമ്മ ചൂണ്ടിക്കാട്ടി. മർദ്ദനത്തിനിടെയുണ്ടായ പിടിവലിയിൽ വീട്ടമ്മയുടെ നാലരപ്പവന്റെ സ്വർണമാലയും താലിയും ഉൾപ്പെടെ 5 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും പരാതിയിലുണ്ട്. മാന്നാർ സി.ഐ ബിജു എസ്.വി, എസ്.ഐമാരായ വിഷ്ണു, ഷൈജ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |