
അമ്പലപ്പുഴ: സ്വന്തം കെട്ടിടത്തിലേക്ക് മാറിയെങ്കിലും ആലപ്പുഴ ദന്തൽ കോളേജിന് പരാധീനതകളിൽ നിന്ന് മോചനമില്ല. 2019ൽ വാങ്ങിയ 60 ലക്ഷം രൂപയുടെ അത്യാധുനിക സി.ബി.സി.ടി മെഷിന്റെ പ്രവർത്തനം ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ വൈകുന്നതും പതിവാണ്. പല്ല്, താടിയെല്ല് ,മുഖത്തെ എല്ലുകളുടെ 3ഡി സ്കാനിംഗ് എടുക്കുവാൻ സഹായകമാകുന്ന മെഷീൻ തകരാറിലായത് മൂലം സ്വകാര്യ സ്കാനിംഗ് സെന്ററുകളിൽ പോയി ഭീമമായ തുക നൽകി പരിശോധിച്ച് ഫലം കൊണ്ടുവന്നെങ്കിലേ തുടർ ചികിത്സ സാധ്യമാകുകയുള്ളൂ. എക്സ്റെയുടെ സ്ഥിതിയും ഇതു തന്നെയാണ്
2014 ആഗസ്റ്റിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത കേരളത്തിലെ നാലാമത്തെ ദന്തൽ കോളേജാണ് ആലപ്പുഴയിലേത് . മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കോളേജ് പത്തുവർഷത്തിനു ശേഷം 2025 മേയിലാണ് ദന്തൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് 3.85കോടി രൂപ ചെലവിൽ ദേശീയപാതയോരത്ത് നിർമ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന സ്ഥിതിയിലെത്തിയപ്പോഴാണ് ഈ മാറ്റം നടത്തിയത്. ദന്തൽ വിദ്യാർത്ഥികളുടെ ഒരു വർഷത്തെ അഡ്മിഷൻ 50 സീറ്റുകളാണ്. 5 വർഷത്തെ കോഴ്സിൽ 250 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോഴും പി.ജി സീറ്റുകൾ അനുവദിക്കപ്പെട്ടിട്ടില്ല.
കോളേജിലെ വിദ്യാർത്ഥികൾ
250
ഹോസ്റ്റലും കാന്റീനുമില്ല
രോഗികൾക്കും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കുടിവെള്ളത്തിനുള്ള സൗകര്യങ്ങളില്ല
ആശുപത്രി വികസന സൊസൈറ്റി പ്രവർത്തനം തുടങ്ങാത്തതിനാൽ കാന്റീൻ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല
ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ ലോഡ്ജുകളിലും, ഹോംസ്റ്റേകളിലുമാണ് വിദ്യാർത്ഥികളും ജീവനക്കാരും താമസിക്കുന്നത്
ശുചീകരണ ജോലിക്ക് ഏഴ് ജീവനക്കാർ മാത്രമാണ് ദന്തൽ കോളേജിലുള്ളത്. ഇത് ശുചീകരണത്തെ ബാധിക്കുന്നു
ദിവസേന 500ലധികം രോഗികൾ എത്തുന്നിടത്ത് ലിഫ്റ്റ് സംവിധാനം പ്രവർത്തിപ്പിക്കാനായിട്ടില്ല. അധികൃതർ അവഗണന അവസാനിപ്പിച്ച് ദന്തൽ ആശുപത്രിയിൽ സുഗമമായ ചികിത്സ ഒരുക്കണം
- അബ്ദുൽ ജബ്ബാർ, പനച്ചുവട്, ജോയിന്റ് സെക്രട്ടറി ജനകീയ ജാഗ്രത സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |