രണ്ട് മണിക്കൂർ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു
ആലപ്പുഴ: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തെത്തുടർന്ന് നഗരത്തിലെ അഞ്ഞൂറിലധികം വീടുകളിൽ വെള്ളംകയറി. കാലവർഷം എത്തിയതോടെ ദുരിതം ഇരട്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ ആലപ്പുഴ ബൈപാസ് ഉപരോധിച്ചു. രണ്ടുമണിക്കൂറിലേറെ നേരം നീണ്ട സമരത്തിൽ ദേശീയപാതയിലെ ആറുകിലോമീറ്റർ ദൂരം ഗതാഗതം പൂർണമായും സ്തംഭിച്ചു. രണ്ടുദിവസത്തിനകം പ്രദേശത്തെ വീടുകളിലെയും പരിസരത്തെയും വെള്ളക്കെട്ട് ഒഴിവാക്കാൻ താത്ക്കാലികസംവിധാനമൊരുക്കുമെന്ന് സ്ഥലത്തെത്തിയ എ.ഡി.തോമസ് എം.എൽ.എയും ജില്ല കലക്ടർ ഷാജി വി. നായരും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചത്. ഉറപ്പ് ലംഘിച്ചാൽ സമരവുമായി വീണ്ടും വരുമെന്നും നാട്ടുകാർ മുന്നറിയിപ്പുനൽകി.
ഇന്നലെ രാവിലെ 11നാണ് സംഭവങ്ങൾക്ക് തുടക്കം. ബൈപാസിന്റെ തുടക്കമായ കൊമ്മാടിഭാഗത്ത് സ്ത്രീകളടക്കമുള്ളവർ റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ചു. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാതെ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം. ഇതിന് പിന്നാലെ ബൈപാസ് മേൽപാലത്തിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളുടെ നീണ്ടനിരയും ദൃശ്യമായി. കളർകോട് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉയരപ്പാതയിൽ കുടുങ്ങി. കൊമ്മാടി, കളർകോട് എന്നിവിടങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടാണ് പൊലീസ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.
സ്ഥലത്തെത്തിയ എ.ഡി.തോമസ് എം.എൽ.എയും എൽ.ഡി.എഫ് ജനപ്രതിനിധികളും തമ്മിൽ തർക്കമുണ്ടായി. വിഷയത്തിൽ ‘രാഷ്ട്രീയം’ കലർത്തരുതെന്ന് ചുണ്ടിക്കാട്ടി നാട്ടുകാർ പ്രതിരോധമുയർത്തി. ദേശീയപാത ഉദ്യോഗസ്ഥർ ഫോൺവിളിച്ചിട്ട് എടുക്കുന്നില്ലെന്നായിരുന്നു പ്രധാനപരാതി. ജില്ലാകളക്ടർ നേരിട്ടെത്തി പ്രശ്നം പരിഹരിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
സ്ഥലത്തെത്തിയ കളക്ടർ ഷാജി.വി.നായർ പ്രതിഷേധക്കാരുമായി സംസാരിച്ചു. കെട്ടികിടക്കുന്ന വെള്ളം ഒഴുക്ക് സുഗമാക്കാൻ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ചുള്ള ജോലികൾ ആരംഭിച്ചുവെന്നും ഇത് നിരീക്ഷിക്കാൻ ആലപ്പുഴ നഗരസഭ സെക്രട്ടറിയെ ചുമലപ്പെടുത്തിയെന്നും കളക്ടർ ഉറപ്പുനൽകി.
ദേശീയ പാതക്കായി നിർമ്മിച്ച കാനകൾ ഉയരത്തിലായതും വീടുകളിലേക്ക് വെള്ളംഇരച്ചുകയറുന്നതിന് കാരണമായി. മഴ കനത്തതോടെ പലരും ബന്ധുവീടുകളിൽ അഭയംതേടിയിരിക്കുകയാണ്.
തോടുകൾ മൂടി, ഓടകൾ അടഞ്ഞു
ദേശീയപാത നിർമ്മണത്തിന്റെ ഭാഗമായി തോടുകൾ മൂടിയതും ഓടയും സർവിസ് റോഡും അടഞ്ഞതാണ് പ്രശ്നത്തിന് കാരണം
ആറാട്ടുവഴി, കളപ്പുര, കാഞ്ഞിരംചിറ വാർഡുകളിലെ അഞ്ഞൂറിലധികം വീടുകളിൽ വെള്ളംകയറിയത്
രണ്ടാഴ്ച മുമ്പ് വീടുകളിലും പരിസരത്തും നിറഞ്ഞ വെള്ളംഒഴുകിപോകാത്തതാണ് പ്രശ്നം
ഇതിനൊപ്പം കാലവർഷംകൂടി എത്തിയതോടെ വീടുകളിൽ കൂടുതൽ വെളളമെത്തി
മോട്ടോറുകളും വീട്ടുപകരങ്ങളും നശിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്
ആശാസ്ത്രീയമായാണ് ഓട നിർമ്മിച്ചിട്ടുള്ളത്. വീടുകൾക്കുള്ളിൽ വരെ വെള്ളമാണ്. ശാസ്ത്രീയമായി പരിശോധിച്ച് പ്രശ്നപരിഹാരം കാണണം
- ജയപാലൻ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |