ആലപ്പുഴ: സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര ഒരുക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറെടുക്കുമ്പോൾ, ജില്ലയിലെ സ്റ്റാൻഡുകളുടെ സ്ഥിതി തികച്ചും ദയനീയമാണ്. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. പണം കൊടുത്താലും മൂക്കുപൊത്താതെ ഉപയോഗിക്കാൻ പറ്റിയ ഒരു ലോയ്ലെറ്റ് പോലും സ്റ്റാൻഡുകളില്ലെന്നതാണ് സത്യം. ഇവിടെവേണം സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കാൻ. രാത്രിയിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ സ്റ്റാൻഡുകളിൽ കാത്തുനിൽക്കേണ്ടിവരുന്നത്. കമന്റടിയും പോക്കറ്റടിയും മുതൽ കടന്നാക്രമണം വരെ ഭയന്നുവേണം ഇവിടെ നിൽക്കാൻ. സന്ധ്യകഴിഞ്ഞാൽ സ്റ്റാൻഡിൽ നിൽക്കാൻ പോലും സ്‌തീകൾ ഭയക്കുന്ന അവസ്ഥയുണ്ട്.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളില്ലെന്നതാണ് പ്രധാന പ്രശ്നം. നിലവിലുള്ളതിൽ അധികവും പഴകി നശിച്ചവയാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലും മേൽപ്പാളിയിലെ കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ അവസ്ഥയിലുമാണ്. പൊളിഞ്ഞുവീഴുമോ എന്ന ഭയം കാരണം
സ്ത്രീകളിൽ പലരും സ്റ്റാൻഡിനകത്ത് കയറാതെ പുറത്താണ് നിൽക്കാറ്.
രാത്രിയായാൽ പല ഭാഗങ്ങളും ഇരുട്ടിലാണ്. ലൈറ്റുകളിൽ അധികവും പ്രവർത്തനക്ഷമമല്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. കറണ്ട് പോയാൽ പകരം സംവിധാനമില്ല.
മഴയത്ത് സ്ഥിതി ആകെ വഷളാകും. ചോർച്ചയും വെള്ളക്കെട്ടും ദീർഘദൂര യാത്രക്കാരെ ഉൾപ്പടെ വലയ്ക്കും. തെരുവുനായ്‌ക്കൂട്ടവും സാമൂഹ്യ വിരുദ്ധരും കൂടിയാകുമ്പോൾ ആലപ്പുഴ ഡിപ്പോയുടെ ദയനീയ ചിത്രം പൂർണമാകും.
വെളിച്ചവും സുരക്ഷയുമില്ല
മാവേലിക്കരയിൽ രാത്രിയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ്. ബസുകളുടെ ഹെഡ്‌ലൈറ്റുകളോ ഉൾവെളിച്ചമോ മാത്രമാണ് പലപ്പോഴും ആശ്രയം
ഹരിപ്പാട്ട് വാണിജ്യ സമുച്ചയമായതോടെ യാത്രക്കാർ ഇപ്പോൾ പെരുവഴിയിലാണ് ബസ് കാത്തുനിൽക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവർക്ക് കയറിനിൽക്കാൻ ഇടമില്ല. ലോയ്ലെറ്റില്ല
ചേർത്തലയിൽ സുരക്ഷാ സംവിധാനങ്ങളില്ല. രാത്രിയിൽ സ്ത്രീകൾക്കുനേരേ കടന്നുകയറ്റമുണ്ടായതായി നിരവധി പരാതികൾ ഉയർന്നിരുന്നു. തെരുവുനായ ശല്യവും രൂക്ഷമാണ്
കായംകുളത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെ പ്രകടമാണ്. ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ഡിപ്പോ കെട്ടിടം പൊളിച്ചിട്ടിരിക്കുന്നതിനാൽ മഴയും വെയിലും കൊണ്ട് വേണം ബസ് കാത്തുനിൽക്കാൻ
അമ്പലപ്പുഴയിൽ ബസ് സ്റ്റാൻഡ് എന്ന് പറയാൻ പോലും കഴിയില്ല. ലോയ്ലെറ്റില്ല. വെളിച്ചമോ, സുരക്ഷയോ ഇല്ല.തെരുവുനായ ശല്യവും രൂക്ഷമാണ്
എടത്വയിൽ ഡിപ്പോയിലെ ലോയ്ലെറ്റുകളിൽ പലതും ശുചിത്വക്കുറവും വെളിച്ചമില്ലായ്മയും കാരണം ഉപയോഗിക്കാൻ പ്രയാസമാണ്. സുരക്ഷാ ജീവനക്കാരോ വനിതാ സഹായ സംവിധാനങ്ങളോ ഇല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |