
തുറവൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന അരൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ പൂജപ്പുര റോഡിന്റെ ദുരവസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിൽ ഇന്ന് പല ഭാഗങ്ങളിലും ടാറിന്റെ അടയാളംപോലുമില്ല. ടാറും കല്ലും ഇളകിമാറി അടിയിലെ മണ്ണ് പുറത്തുകാണുന്ന നിലയിലായതോടെ റോഡ് കുഴികളാൽ നിറഞ്ഞു. അരൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിരവധി റോഡുകൾ കഴിഞ്ഞ വർഷങ്ങളിൽ ടാർ ചെയ്യുകയോ, ടൈൽ പാകുകയോ ചെയ്തിട്ടും പൂജപ്പുര റോഡിനെ മാത്രം അവഗണിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
പൂജപ്പുര റോഡിന്റെ അറ്റകുറ്റപ്പണിയെ ചൊല്ലി വർഷങ്ങളായി രാഷ്ട്രീയ വിവാദങ്ങളും നിലനിൽക്കുന്നു. മുൻ എം.എൽ.എ ദലീമ ജോജോയുടെ വീടിന് സമീപത്തുകൂടി കടന്നുപോകുന്ന റോഡായതിനാൽ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നവീകരിക്കണമെന്ന നിലപാടാണ് ഒരു വിഭാഗം ഉയർത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ റോഡരികിൽ ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധവും നടത്തിയിരുന്നു. അതേസമയം, പഞ്ചായത്ത് റോഡുകളുടെ പരിപാലനവും നവീകരണവും പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിനുള്ള നടപടികൾ വാർഡ് പ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും കൈക്കൊള്ളേണ്ടതാണെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
ദുരിതം കടുപ്പിച്ച് കാലവർഷം
# ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡ്, കാലവർഷത്തോടെ കൂടുതൽ ദുരിതമായി. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്കൂൾ തുറന്നതോടെ വിദ്യാർഥികൾക്ക് വെള്ളക്കെട്ടിലൂടെയും ചെളിയിലൂടെയും സഞ്ചരിക്കേണ്ട അവസ്ഥയാണ്
# കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം പ്രധാന പ്രചാരണ വിഷയമായിരുന്നു പൂജപ്പുര റോഡിന്റെ ദുരവസ്ഥ. എന്നാൽ പഞ്ചായത്തിലും സംസ്ഥാനത്തും ഭരണം മാറിയിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ല.
# ഈ വാർഡിലൂടെ ഭാഗികമായി കടന്നുപോകുന്ന ശാന്തിഭൂമി റോഡും തകർന്ന നിലയിലാണ്. ഇരുറോഡിന്റെയും ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും അടിയന്തര ഇടപെടൽ നടത്തണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |