SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.35 AM IST

സുമനൻ; പോരാട്ടം നിലയ്ക്കാത്ത മനുഷ്യൻ

sf

ആലപ്പുഴ: എട്ടര പതിറ്റാണ്ടോളം താൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വേണ്ടി പോരാടിയ ജീവിതം. മരണശേഷവും താൻ ഉപകരിക്കപ്പെടണം എന്ന നിശ്ചയത്തോടെ സ്വന്തം മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് നൽകാൻ തീരുമാനിച്ച മനുഷ്യസ്നേഹി. പരിസ്ഥിതി പ്രവർത്തകൻ. യുക്തിവാദി നേതാവ്, ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തകൻ, കർഷകൻ തുടങ്ങി വ്യത്യസ്ത ലേബലുകളിൽ സ്വയം അടയാളപ്പെടുത്തിയ കളർകോട് ചിത്രാലയത്തിൽ പി.പി.സുമനന്റെ (86) വിയോഗം ആലപ്പുഴയുടെ സാംസ്ക്കാരിക - സാമൂഹിക രംഗത്തിന് തീരാനഷ്ടം.

ശബ്ദമലിനീകരണമുണ്ടാക്കുന്ന കോളാമ്പികൾ നിരോധിക്കുന്നതിനായി ഇരുപത് വർഷമാണ് സുമനൻ നിയമപ്പോരാട്ടം നടത്തിയത്. 1989ൽ ആലപ്പുഴ സബ് കോടതിയിലാണ് കോളാമ്പി ഉച്ചഭാഷിണി വിലക്കണമെന്ന ആവശ്യവുമായി ഹർജി ഫയൽ ചെയ്തത്. കോളാമ്പിക്കെതിരെ പെറ്റിക്കേസ് ചുമത്തി സാമൂഹ്യശല്യത്തിന് കേസെടുക്കാൻ മാത്രമേ വകുപ്പുണ്ടായിരുന്നുള്ളു. ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പഠനറിപ്പോർട്ടുകൾ ശേഖരിച്ച് സുമനനൻ കേസ് നടത്തി. അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളിൽ കോളാമ്പി നിരോധിച്ചുകൊണ്ട് ആദ്യം സബ് കോടതി വിധി വന്നു. സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഹൈക്കോടതിയും, രാജ്യവ്യാപക നിരോധനം സുപ്രീംകോടതിയും ശരിവെച്ചു. കുട്ടികളുടെ പരീക്ഷാകാലയളവുകളിൽ പോലും ആരാധനാലയങ്ങളിലുൾപ്പടെ പ്രവർത്തിക്കുന്ന ഉച്ചഭാഷിണിക്കെതിരായ സന്ധിയില്ലാത്ത സമരം മൂലം പല തവണ സുമനന്റെ വീട് ആക്രമിക്കപ്പെട്ടു. ഹൈക്കോടതി സമുച്ചയത്തിൽ 13ാം നമ്പർ കോടതിയില്ലാതെ 14ാം നമ്പർ കോടതി സ്ഥാപിച്ചപ്പോൾ അതിനെതിരെ ശബ്ദമുയർത്തിയതും സുമനനായിരുന്നു. ക്ഷേത്രങ്ങളിലെ തീണ്ടാരിത്തുണി കച്ചവടത്തിനും, പൊങ്കാലയ്ക്കുമെതിരെ നിരവധി സമരങ്ങൾ. രാമായണ മാസാചരണത്തിന് ബദലായി രാവണ മാസാചരണം തുടങ്ങി ഒറ്റയാൾ പോരാട്ടങ്ങളുടെ വഴിയിലായിരുന്നു എന്നും സുമനൻ.

മുൻകൂർ മരണാനന്തര സത്ക്കാരം

സുഹൃത്തുക്കളെ വിളിച്ചുകൂട്ടി മുൻകൂർ മരണാനന്തര ചായസത്ക്കാരം നടത്തിയ ചരിത്രവുമുണ്ട് സുമനന്. യുക്തിവാദിയായ സുമനൻ, തന്റെ കാലശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് നൽകണമെന്ന് ധാരണാപത്രമെഴുതിയിരുന്നു. താനില്ലാതായാലും തന്റെ ആശയപ്രചരണം തുടരാൻ ഒരു തുക എ.ടി.കോവൂർ ട്രസ്റ്റിന് മുമ്പേ കൈമാറിയിട്ടുണ്ട്. രാമങ്കരി സ്വദേശിയായിരുന്ന സുമനൻ വേഴപ്ര സ്കൂളിലും ആലപ്പുഴ എസ്.എസ് സ്കൂളിലെയും വിദ്യാഭ്യാസത്തിനു ശേഷം ചിത്രകലാ അദ്ധ്യാപകനായി പറവൂർ ഗവ.ഹൈസ്കൂളിലും വേഴപ്ര ഗവ.ഹൈസ് സ്കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളകൗമുദി അടക്കമുള്ള പത്രങ്ങളിലേക്ക് സാമൂഹിക വിഷയങ്ങൾ ചൂണ്ടിക്കാട്ടി നൂറുകണക്കിന് കത്തുകളാണ് അയച്ചിട്ടുള്ളത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അദ്ദേഹം തിങ്കളാഴ്ച്ചയാണ് ഡിസ്ചാർജ്ജായി വീട്ടിലെത്തിയത്. ഇന്നലെ പുലർച്ചെ വീട്ടിലായിരുന്നു അന്ത്യം. കളർ‌കോട് വീട്ടിലും, അദ്ദേഹം വിരമിച്ച പറവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി.

കർക്കടകത്തിലും കരുതൽ

പണ്ട് കർക്കടക മാസത്തിൽ പണിയില്ലാതെ പലരും പട്ടിണിയിലാകുന്ന കാലത്ത് കരുതലായി സുമനൻ ആരംഭിച്ചതാണ് കർക്കടകത്തിലെ പ്രഭാത ഭക്ഷണപദ്ധതി. അദ്ദേഹത്തിന്റെ അവസാനകാലം വരെയും പദ്ധതി മുടക്കമില്ലാതെ തുടരാനായി. ആവശ്യക്കാർക്ക് കൂപ്പൺ നൽകി ഹോട്ടലിൽ നിന്നായിരുന്നു പ്രാതൽ ലഭ്യമാക്കിയിരുന്നത്. ഒരാൾക്ക് 60 രൂപയുടെ ആഹാരം കഴിക്കാം, ചിലർ പാഴ്സലായി വാങ്ങും. ഇത്തരത്തിൽ വർഷങ്ങളോളം നിരവധിപ്പേരുടെ വിശപ്പകറ്റാനും സുമനന് സാധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL