SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

കൂലിത്തർക്കം :പീലിംഗ് മേഖലയിൽ സമര കാഹളം

jklkl

അരൂർ : സംസ്ഥാനത്തെ ചെമ്മീൻ സംസ്‌കരണ മേഖലയിൽ കൂലിവർദ്ധനയെ ചൊല്ലിയുള്ള തർക്കം സമരഘട്ടത്തിലേക്ക് കടക്കുന്നു. കയറ്റുമതിക്കായി ചെമ്മീൻ സംസ്‌കരിച്ച് നൽകുന്നതിനുള്ള നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് 12 മുതൽ പീലിംഗ് ഷെഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഷെഡ് ഉടമകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനവുമായി ബന്ധപ്പെട്ട മേഖലയിലെ ഈ നീക്കം വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നതാണ്.

അതേസമയം സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പീലിംഗ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയൻ ജൂൺ 30ന് സൂചനാ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചേംബർ ഒഫ് കേരള സീഫുഡ് ഇൻഡസ്ട്രിയൽ അസോസിയേഷനും മറൈൻ പ്രൊഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷനും ഉൾപ്പെടുന്ന ഷെഡ് ഉടമകളുടെ സംഘടനകൾ കൂലി വർധന ആവശ്യപ്പെട്ട് ജനുവരിയിൽ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. നിലവിൽ ഒരു കിലോ ചെമ്മീൻ പൊളിക്കുന്നതിന് സ്ത്രീ തൊഴിലാളികൾക്ക് ലഭിക്കുന്നത് 19.50 രൂപയാണ്. ഇത് 23 രൂപയാക്കി ഉയർത്തണമെന്നാണ് ആവശ്യം.

ചെമ്മീൻ സംസ്‌കരിച്ച് കയറ്റുമതി സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നിലവിലെ നിരക്ക് അപര്യാപ്തമാണെന്നും അതുകൊണ്ടാണ് തൊഴിലാളികൾക്ക് കൂടുതൽ കൂലി നൽകാൻ കഴിയാത്തതെന്നും ഷെഡ് ഉടമകൾ പറയുന്നു. സമരം പ്രഖ്യാപിച്ചതിന് ശേഷമാണ് ചർച്ചയ്ക്കായി വിളിച്ചതെന്നും അത് തൊഴിലാളികളെയും ഷെഡ് ഉടമകളെയും അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് സംയുക്ത സമരസമിതി നേതാക്കളുടെ ആരോപണം

 ചേർത്തല താലൂക്കിൽ മാത്രം 400ലധികം പീലിംഗ് ഷെഡുകളും നൂറിലധികം കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്

 ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്

 പീലിംഗ് ഷെഡുകളിൽ വൃത്തിയാക്കൽ, തരംതിരിക്കൽ തുടങ്ങിയ അനുബന്ധ ജോലികൾ ചെയ്യുന്നവരും കൂലിവർദ്ധന ആവശ്യപ്പെട്ട് രംഗത്തുണ്ട്

 കിലോയ്ക്ക് നാല് രൂപ മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. കുറഞ്ഞത് ആറ് രൂപയെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.

സമരം അനാവശ്യം : കയറ്റുമതിക്കാർ

സമര പ്രഖ്യാപനത്തെ എതിർത്ത് എക്സ്‌പോർട്ടേഴ്സ് അസോസിയേഷനും രംഗത്തെത്തി. ജനുവരി ഒന്നിന് ഷെഡ് ഉടമകളുടെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നെന്നും ആഗസ്റ്റ് ഒന്നുമുതൽ കിലോയ്ക്ക് 1.50 രൂപ വർധിപ്പിച്ച് 21 രൂപ നൽകാൻ സമ്മതിച്ചിരുന്നുവെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. നിലവിൽ ഒരു കിലോ ചെമ്മീൻ സംസ്‌കരിക്കുന്നതിന് 23 മുതൽ 30 രൂപ വരെ ഷെഡ് ഉടമകൾ ഈടാക്കുന്നുണ്ടെന്നും കൂടുതൽ നിരക്ക് നേടാനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് സമരമെന്നുമാണ് അവരുടെ ആരോപണം. ജൂൺ 12ന് ഒത്തുതീർപ്പ് ചർച്ച നിശ്ചയിച്ചിരിക്കെ 11 മുതൽ സമരം പ്രഖ്യാപിച്ചത് ഏകപക്ഷീയ നടപടിയാണെന്നും അവർ പറഞ്ഞു.

ഇ.എസ്‌.ഐ, പ്രൊവിഡന്റ് ഫണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പീലിംഗ് തൊഴിലാളികൾക്ക് ഉറപ്പാക്കണം. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജൂലായ് 14 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും

- പീലിംഗ് തൊഴിലാളി ഐക്യ ട്രേഡ് യൂണിയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL