
മുഹമ്മ : തകർത്തു പെയ്ത മഴയിൽ വളവനാട് ക്ഷേത്രവും സമീപ പ്രദേശങ്ങളിലെ വീടുകളും വെള്ളക്കെട്ടിലായി.
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ മൂന്ന് മീറ്റർ വീതി ഉണ്ടായിരുന്ന തോട് നികത്തിയതാണ് ഈ ദുഃസ്ഥിതിക്ക് ഇടയാക്കിയത്. ഓരോ മഴക്കാലത്തും കലവൂർ കൃപാസനം മുതലുള്ള പെയ്ത്തുവെള്ളം ഈ തോട്ടിലൂടെ ദേശീയ പാതയിലെ മാരാരിക്കുളം പാലത്തിനു സമീപം ഒഴുകി എത്തിയാണ് കടലിലേക്ക് എത്തിച്ചേർന്നിരുന്നത്. വെള്ളക്കെട്ട് മൂലം ക്ഷേത്ര ചടങ്ങുകളും 100 ലധികം വരുന്ന വീടുകളിലെ ജീവിതവും ദുരിതത്തിലായി. 2018ലെ പ്രളയകാലത്തുപോലും ഉണ്ടാകാത്ത ദുരിതമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു. വിവരം അറിഞ്ഞ് എ. ഡി. തോമസ് എം എൽ എ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി , മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ഡി. അംബുജാക്ഷൻ, പഞ്ചായത്ത് മെമ്പർ കെ. ആർ. രശ്മി എന്നിവർ സ്ഥലത്തെത്തി. വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ദേശീയ പാത നിർമ്മാണ കമ്പനിയോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജെ സി ബി ഉപയോഗിച്ച് ചാലുകീറി അമ്പലത്തിന് പടിഞ്ഞാറ് വശമുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കാൻ നടപടി സ്വീകരിച്ചെങ്കിലും വേണ്ടത്ര ഫലപ്രദമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |