അമ്പലപ്പുഴ: അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് കിഴക്ക് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ നാല് വീടുകളിൽ മോഷണ ശ്രമം, നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷണ ശ്രമം നടന്നത്. പടിഞ്ഞാറേ വീട്ടിൽ ബിപിൻ, കൃഷ്ണ കൃപയിൽ ശശിധര കൈമൾ, ഗുരു ഭവനിൽ ഷിനു, ജലീലിയാ മൻസിലിൽ അബ്ദുൾ റഹ്മാൻ എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ബിപിൻ, ശശിധരക്കൈമൾ, ഷിനു എന്നിവരുടെ വീടുകളിൽ അടുക്കള വാതിലിന്റെ പുട്ട് തകർത്ത നിലയിലായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ബിപിന്റെ വീട്ടിൽ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തമല്ല. കൈയിൽ ആയുധവുമായി ഒരാൾ നടന്നു പോകുന്ന ദൃശ്യമാണ് ഇതിലുള്ളത്. വീട്ടിലെ ഇൻവെർട്ടർ ഓഫ് ചെയ്ത ശേഷമാണ് മോഷണ ശ്രമം നടത്തിയതെന്ന് ഷിനു പറഞ്ഞു. ശശിധര കൈമളിന്റെ അടുക്കള വാതിലിനുള്ളിൽ ഇരുമ്പ് പട്ട കുറുകെ പിടിപ്പിച്ചിരുന്നതിനാൽ ഇവിടെയും അകത്ത് കയറാൻ കഴിഞ്ഞില്ല. ഒറ്റ രാത്രിയിൽത്തന്നെ സമീപത്തെ നാല് വീടുകളിൽ മോഷണ ശ്രമം നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |