മാവേലിക്കര: തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മാവേലിക്കര നഗരസഭയിലെ പതിനൊന്നാം വാർഡിൽ റെയിൽവേ സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ വെള്ളക്കെട്ട് അതീവ രൂക്ഷമായി. മാലിന്യം നിറഞ്ഞ് ഓടയിലെ ഒഴുക്ക് നിലച്ചതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. പ്രധാന റോഡുകളിലടക്കം കാൽനടയാത്ര അസാധ്യയ നിലയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്.
പ്രദേശത്തെ അങ്കണവാടിയിലേക്ക് പോകുന്ന പിഞ്ചുകുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കുട്ടികളെ കൈകളിലെടുത്തും തോളിലിരുത്തിയുമാണ് മുട്ടറ്റം വെള്ളത്തിലൂടെ രക്ഷിതാക്കൾ അങ്കണവാടിയിൽ എത്തിക്കുന്നത്. കെട്ടിക്കിടക്കുന്ന മലിനജലത്തിലൂടെയുള്ള ഈ യാത്ര കുട്ടികളുടെ ആരോഗ്യത്തെപ്പോലും ഗുരുതരമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് മാതാപിതാക്കൾ.
ഓടയിലെ ഒഴുക്ക് നിലച്ചു
റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാരും പ്രതിദിനം വലിയദുരിതം അനുഭവിക്കുന്നു
റോഡ് കാണാൻ കഴിയാത്ത രീതിയിൽ വെള്ളക്കെട്ടായതിനാൽ ഇരുചക്ര വാഹനങ്ങൾഅപകടത്തിൽപ്പെടുന്നതും പതിവാണ്
സമീപത്തെ വീടുകളുടെ മുൻഭാഗങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറുന്ന അവസ്ഥയുണ്ടെന്ന് നാട്ടുകാർ
പിഞ്ചുകുട്ടികളുടെ സുരക്ഷയെക്കരുതിയെങ്കിലും ഓടകൾ ശുചീകരിക്കാനും വെള്ളം സുഗമമായി ഒഴുക്കിക്കളയാനും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ
മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടാകും. ഇതോടെ കുട്ടികളെ മാതാപിതാക്കൾ അങ്കണവാടിയിലേക്ക് വിടാതാകും. മാലിന്യം നിറഞ്ഞ് ഓട അടഞ്ഞ് കിടക്കുന്നതാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണം. ഇതിന് പരിഹാരം ഉണ്ടാകണം
- ബിനി വിപിൻ, നഗരസഭ കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |