
മുഹമ്മ: സന്തോഷത്തിന്റെയും സന്താപത്തിന്റെയും സംഭവ പരമ്പരകളിലേക്ക് വെളിച്ചം വീശുന്ന ദിനപ്പത്രങ്ങളുടെ പ്രദർശനം പുത്തൻ തലമുറയ്‌ക്ക് ആദ്ഭുതവും ആവേശവുമായി. റിട്ട.വില്ലേജ് ഓഫീസർ കോട്ടയം പൂഞ്ഞാർ സ്വദേശി മുഹമ്മദ് മുണ്ടക്കയത്തിന്റെ ശേഖരത്തിലുള്ള 160 ഓളം പത്രങ്ങളുടെ പ്രദർശനമാണ് മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിൽ നടന്നത്. 1890 മുതൽ 2019 വരെയുള്ള വിവിധ ദിനപ്പത്രങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നത്. 'അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം' എന്ന തലക്കെട്ടിൽ 1947 ആഗസ്ത് 15 ന് സ്വാതന്ത്ര്യ പുലരിയിൽ പുറത്തിറങ്ങിയ മനോരമ പത്രം, 1964 മേയ് 29ന്, പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന് രാഷ്ട്രത്തിന്റെ അന്ത്യോപചാരം എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ കേരള കൗമുദി പത്രം എന്നിവ ശ്രദ്ധനേടി.
സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി,രാജീവ് ഗാന്ധി, മണ്ടേല, മദർ തെരേസ , ഫിഡൽ കാസ്ട്രോ, പി.കൃഷ്ണ പിള്ള, എ.കെ.ജി, ഇ.എം.എസ്, ടി.വി.തോമസ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും. ജി. ശങ്കരക്കുറുപ്പ്,തകഴി,ബഷീർ,എം.ടി, വയലാർ, തുടങ്ങിയ സാഹിത്യകാരന്മാരുടെയും ജീവിത നിമിഷങ്ങളും വേർപാട് വാർത്തകളുമായി പുറത്തിറങ്ങിയ കേരളകൗമുദി, മനോരമ മാതൃഭൂമി, ദേശാഭിമാനി തുടങ്ങിയ 160 ഓളം പത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു.
കൂടാതെ രാജ്യത്തും ലോകത്തുമുള്ള ചെറുതും വലുതുമായ, നൂറ്റാണ്ടിന് അപ്പുറവും ഇപ്പുറവുമുള്ള വാർത്തകളും പ്രദർശനത്തിൽ വായിക്കാം. സിറ്റി പത്രം,കേരള ശിഖ, മലയാള രശ്മി കുട്ടിപ്പത്രം,കാരവൽ,കേരള സഭ,കേരള ഭൂഷണം, സദ് ഭാവന, ധാർമ്മിക, ദർശന വാണി, ദൂത് തുടങ്ങിയ കൗതുകം ജനിപ്പിക്കുന്ന പേരോടുകൂടിയ നിരവധി പത്രങ്ങളും ശേഖരത്തിൽ ഇടംപിടിച്ചു. പത്രങ്ങളുടെ അക്ഷരവടിവിലും ഭാഷയിലും രൂപങ്ങളിലും വന്ന മാറ്റം ഏറെ കൗതുകം ഇവിടെ കണ്ടെറിയാനാനും. 'ദൃശ്യ വിസ്മയം 2k26' എന്നപേരിൽ നടന്ന പ്രദർശനം പി.പ്രസാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മുണ്ടക്കയത്തിന്റെ 160 -ാമത്തെ പ്രദർശനമായിരുന്നു ഇത്. കോട്ടയം പ്രസ് ക്ലബിൽ നടന്ന പ്രദർശനം കാണാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വന്നത് മുഹമ്മദ് സന്തോഷത്തോടെ ഓർക്കുന്നു. ഐഷാ ബീവിയാണ് മുഹമ്മദിന്റെ ഭാര്യ. അൽത്താഫ്, അക്തർ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |